ഇടവക പെരുന്നാൾ ആഘോഷിച്ചു
Wednesday, January 15, 2020 7:34 PM IST
കുവൈത്ത്: സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവക കാവൽപിതാവായ സ്തേഫാനോസ് സഹദായുടെ പെരുന്നാൾ ആഘോഷിച്ചു. നൂറു കണക്കിന് വിശ്വാസികളായ ഇടവകാംഗങ്ങളും സമീപ ഇടവക അംഗങ്ങളും പെരുന്നാളിൽ പങ്കെടുത്തു മധ്യസ്ഥന്‍റെ അനുഗ്രഹം യാചിച്ചു.

വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. പി. ജി ജോസ്, ഫാ. സന്തോഷ് എന്നിവർ സഹ കാർമികരായിരുന്നു. തുടർന്നു മദ്ധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടു കൂടി പെരുന്നാൾ കൊടിയിറങ്ങി.

പെരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ മുതിർന്ന അംഗങ്ങളെ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ പൊന്നാടയണിയിച്ച് ആദരിക്കുകയും ഇടവകയിലെ 12 വയസിനു മുകളിലുള്ള കുട്ടികൾക്കായി സ്വയം സമർപ്പണ ശുശ്രൂഷകൾ നടത്തുകയും ചെയ്തു.
സെൻറ് സ്റ്റീഫൻസ് ഇടവക ത‍യാറാക്കിയ സുവിശേഷ ഗീതങ്ങളും സന്ധ്യാ സൂത്താറ നമസ്കാരങ്ങളുമടങ്ങിയ ഓഫീർ കീർത്തനങ്ങൾ എന്ന പ്രാർഥനാപുസ്തകം മെത്രാപ്പോലീത്താ ഫാ. പി.ജി ജോസിനു നൽകി ചടങ്ങിൽ പ്രകാശനം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ