കൂട്ടം ഇന്‍റർനാഷണൽ വോളി ലീഗ്
Thursday, December 5, 2019 8:37 PM IST
അബുദാബി: കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി ഗവൺമെന്‍റ് സ്കൂൾ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ കൂട്ടം കുണ്ടംകുഴി സംഘടിപ്പിച്ച കൂട്ടം ഇന്‍റർനാഷണൽ വോളി ലീഗിൽ സ്പോർട്സ് ക്ലബ്‌ ജേതാക്കളായി.

ദുബായ് അൽ മംസാർ അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഇൻഡോർ വോളി ഗ്രൗണ്ടിൽ യുഎ യിലെ പ്രമുഖരായ ആറു ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് പി. ജോൺസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ബാലകൃഷ്ണൻ തച്ചങ്ങാട്,  സ്വാഗത സംഘം രക്ഷാധികാരികളായ  വി. നാരായണൻ നായർ, മുരളീധരൻ നമ്പ്യാർ നാരന്തട്ട, എൻ.ടി.വി മാനേജർ സൂരജ് നാരന്തട്ട, മാധവൻ  അണിഞ്ഞ, ഫൽഗുനൻ നായർ കംബികാനം, ഗോപി അരമങ്ങാനം, രാധാകൃഷ്ണൻ ചാത്തങ്കൈ എന്നിവർ ആശംസകൾ നേർന്നു. കൂട്ടം പ്രസിഡന്‍റ് കൃഷ്ണകുമാർ കക്കോട്ടമ്മ, ജനറൽ സെക്രട്ടറി വിനോദ് മലാംകാട്, ചെയർമാൻ കെ.ടി നായർ, സ്വാഗത സംഘം ജനറൽ കൺവീനർ വേണു പാലക്കൽ, ഫിനാൻസ് കൺവീനർ വേണു ഗോപാൽ പുളീരടി , പ്രമോദ് കൂട്ടക്കനി എന്നിവർ സംസാരിച്ചു. ടെക്നിക്കൽ കൺവീനറും  ഇന്‍റർനാഷണൽ റഫറിയുമായ മൊയ്‌ദീൻ കുഞ്ഞി പടുപ്പ്, കായിക അധ്യാപകൻ  മുഹമ്മദ് നിസ്തർ, പി. ഗോപാലൻ മാഷ്  കക്കോട്ടമ്മ, എന്നിവരെ വോളിബോൾ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചു ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് സംഘാടക സമിതി രക്ഷാധികാരികളും  ഭാരവാഹികളും ചേർന്നു വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള