‘പ്രവാചക ജീവിതം: പാട്ടും പറച്ചിലും’ അക്ഷരം പരിപാടി വേറിട്ട അനുഭവമായി
Monday, December 2, 2019 9:21 PM IST
ജിദ്ദ: മുഹമ്മദ് നബിയുടെ ജീവിതം ആസ്പദമാക്കി അക്ഷരം വായനാവേദി സംഘടിപ്പിച്ച ‘പ്രവാചക ജീവിതം: പാട്ടും പറച്ചിലും’ പരിപാടി വേറിട്ട അനുഭവമായി. ശറഫിയ സഫയർ ഹോട്ടൽ ഒാഡിറ്റോറിയൽ സംഘടിപ്പിച്ച പരിപാടി കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി പ്രഫ. ഡോ. ഇസ്മായിൽ മരുതേരി ഉദ്ഘാടനം ചെയ്തു. മുഴു ജീവിതത്തിലുടനീളം സ്മരിക്കേണ്ട മഹാ വ്യക്തിത്വമാണ് പ്രവാചകന്‍റേതെന്നും വായനയിലൂടെ ആ മഹദ് ജീവിതം കൂടുതൽ അടുത്തറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അക്ഷരം വായനാവേദി രക്ഷാധികാരി എ.നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രവാചകന്‍റെ ബാല്യം, യൗവനം, മക്കാ കാലഘട്ടം, പലായനം, മദീന കാലഘട്ടം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി നടന്ന വിവിധ സെക്ഷനുകളിൽ നൗഷാദ് നിടൂളി, വി.കെ. ശമീം ഇസുദ്ദീൻ, അബൂ താഹിർ, ടി.കെ. നിസാർ അഹ്മദ്, ഉമറുൽ ഫാറൂഖ് എന്നിവർ സംസാരിച്ചു. മനുഷ്യൻ ഇന്നു അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങള്‍ക്കും പ്രവാചക ജീവിതത്തിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രഭാഷകര്‍ പറഞ്ഞു. ജമാൽപാഷ, മൻസൂർ എടവണ്ണ, സോഫിയ സുനിൽ, റബീഅ ഷമീം, സാദിഖലി തുവ്വൂർ, ശിഹാബ് കൂട്ടിലങ്ങാടി എന്നിവർ ഗാനവും സക്കീന ഒാമശേരി, സൈഫുദ്ദീൻ ഏലംകുളം കവിതകളും ആലപിച്ചു. അക്ഷരം വായനാവേദി കോർഡിനേറ്റർ ശിഹാബ് കരുവാരക്കുണ്ട് രചിച്ച് മുഹ്സിന്‍ കുരിക്കള്‍ സംഗീതം നല്‍കി മുഫ്ലിഹ് പാണക്കാട് പാടി അടുത്തിടെ പുറത്തിറങ്ങിയ ‘എന്‍റെ പ്രവാചകൻ’ എന്ന ഗാനത്തിന്‍റേയും അക്ഷരം എക്സിക്യൂട്ടീവ് അംഗം അബ്ദുറഹ്മാൻ തുറക്കൽ രചിച്ച് മൻസൂർ എടവണ്ണ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ച ‘മാതൃകയായ മുത്ത് റസൂൽ’ എന്നീ രണ്ട് ഗാനങ്ങളുടെയും ആസ്വാദനം നടന്നു. ശിഹാബ് കരുവാരക്കുണ്ട്, അബ്ദുറഹ്മാൻ തുറക്കൽ പാട്ടുകളെ പരിചയപ്പെടുത്തി. കഥാകൃത്ത് അബ്ദുല്ല മുക്കണ്ണി, പി.ശംസുദ്ദീനും (ഗൾഫ് മാധ്യമം) പാട്ടുകളെ വിലയിരുത്തി സംസാരിച്ചു. ശിഹാബ് കരുവാരക്കുണ്ട് സ്വാഗതം പറഞ്ഞു.


കെ.എം. അനീസ് അവതാരകനായിരുന്നു. ഹംസ എലാന്തി, സി. അബ്ദുസലാം, റിയാസ് കണ്ണൂര്‍, സലീം എടയൂര്‍, സൈനുല്‍ ആബിദീന്‍, ഇര്‍ഫാന്‍, ഷഹര്‍ബാന്‍ നൗഷാദ്, തസ്ലീമ അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ