വടക്കഞ്ചേരി: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല നിർണ്ണയത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ള കർഷകദ്രോഹ നടപടികൾ ഒഴിവാക്കി കർഷകരുടെ നിലനില്പ് ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ഇന്നലെ വിവിധ മേഖലകളിൽ നടന്ന കർഷക സംരക്ഷണ സമിതി കണ്‍വൻഷനുകൾ തീരുമാനിച്ചു.
കണ്വൻഷൻ രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്ത് ഓണ്‍ലൈൻ വഴി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ലോല പ്രദ്ദേശങ്ങളുടെ പരിധി വനാതിർത്തി തന്നെയാക്കി നിജപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ള വിവേചനാധികാരം പ്രയോജനപ്പെടുത്തണം. തീക്ഷ്ണതയിൽ മാന്ദ്യം സംഭവിക്കാതെ നിലനിൽപ്പിന്റെ ജീവൽ പ്രശ്നമായി കണ്ട് മേഖലാ സമിതികൾ ന്യായമായ നീതിക്കായി നിലകൊള്ളണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്ന കണ്‍വൻഷനിൽ ഫൊറോന വികാരി ഫാ.ജെയ്സണ്‍ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു.ഫാ.ജോസ് കൊച്ചുപറന്പിൽ,ഫാ.ജോഷി പുത്തൻപുരയിൽ,ഫാ.ഐബിൻ കളത്താര, ഫാ.ആൻസൻ കൊച്ചറക്കൽ, ടോമി ഈരോരിക്കൽ, ജീജോ അറക്കൽ, ജോസ് വടക്കേക്കര എന്നിവർ പ്രസംഗിച്ചു.തുടർസമര പരിപാടികൾക്കായി ടോമി ഈരോരിക്കൽ, ടെന്നി അഗസ്റ്റിൻ തുറുവേലിൽ, ബെന്നി രാജഗിരി ,ജീജോ അറക്കൽ എന്നിവരെ തെരഞ്ഞെടുത്തു. വടക്കഞ്ചേരി ടൗണ്‍ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ സമരം ആരംഭിക്കും. വിൽസണ്‍ കൊള്ളന്നൂർ, ബാബു പാറക്കൽ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
മംഗലംഡാം മേഖല കണ്‍വൻഷനിൽ ഫൊറോന വികാരി ഫാ.ചെറിയാൻ ആത്തിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു.ഫാ.റെനി പൊറത്തൂർ ആമുഖ പ്രസംഗം നടത്തി.ഫാ.ജിനോ പുരമംത്തിൽ നന്ദി പറഞ്ഞു. കടപ്പാറ, പൊൻകണ്ടം, ഓടംതോട്, കരിങ്കയം ,വി ആർ ടി, എളവംന്പാടം, ചിറ്റടി, ചിറ്റടി മേരിലാന്റ്, ഒലിപ്പാറ, മാങ്കുറുശ്ശി, മംഗലംഡാം എന്നീ കർഷക സംരക്ഷണ സമിതി യൂണിറ്റുകളിൽ നിന്നുള്ളവർ കണ്‍വൻഷനിൽ പങ്കെടുത്തു. ഭാരവാഹികളായി ഫാ.ജിനോ പുരമംത്തിൽ, ഫാ.റെനി പൊറത്തൂർ കോ ഓർഡിനേറ്റർമാർ, ജോണി പരിയംകുളം പ്രസിഡന്റ്, ജോസ് തണ്ണിപ്പാറ വൈസ് പ്രസിഡന്റ്, ബിനു മുളംപ്പിള്ളി സെക്രട്ടറി, തോമസ് മംത്തിനാൽ ജോ സെക്രട്ടറി, ജോയ് ചരളയിൽ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
കണിച്ചിപരുത വചനഗിരി സെന്റ് ജോർജ് പള്ളി ഹാളിൽ നടന്ന കണ്‍വൻഷനിൽ ഫാ.ജിൻസ് പ്ലാതോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഡെന്നി തെങ്ങുംപള്ളി വിഷയാവതരണം നടത്തി.ഫാ.ക്രിസ്റ്റോ കാരക്കാട്ട്, ചാർളി മാത്യു എന്നിവർ പ്രസംഗിച്ചു. മേഖലാ കമ്മിറ്റിക്കും രൂപം നൽകി.