വളർത്തുനായയുടെ പേരിൽ സംഘട്ടനം; ഒരാൾ റിമാൻഡിൽ
1461567
Wednesday, October 16, 2024 6:47 AM IST
ഒറ്റപ്പാലം: വളർത്തുനായയുടെ പേരിൽ നടന്ന സംഘട്ടനത്തിൽ ഒരാളെ റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി പോലീസ് നിരീക്ഷണത്തിൽ.
ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ കണ്ട വളർത്തുനായയെ ചവിട്ടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞതിന്റെ പേരിൽ നായയുടെ ഉടമയ്ക്കുനേരെ ആക്രമണം നടത്തിയ കേസിലാണ് വരോട് കൃഷ്ണാ നിവാസിൽ ജയകൃഷ്ണനെ (38) റിമാൻഡ് ചെയ്തത്. വരോട് ചേപ്പയിൽ സച്ചിൻദാസിനെയാണ് (28) രണ്ടുപേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വധശ്രമക്കേസ് ചുമത്തിയാണ് അറസ്റ്റ്. ചെറിയ കത്തികൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിൻദാസിന്റെ ശരീരത്തിൽ 83 തുന്നലുകൾ വേണ്ടിവന്നതായി ഒറ്റപ്പാലം പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ വരോട്ട് സച്ചിൻദാസിന്റെ വീടിനു സമീപത്താണ് സംഭവം. ബൈക്കിൽ വീടിന് പുറത്തേക്കിറങ്ങിയ സച്ചിൻദാസിനെ വളർത്തുനായ പിന്തുടർന്നിരുന്നു. ഇതിനിടെയാണ് പ്രദേശവാസിയായ രാഹുലെന്ന യുവാവ് ബൈക്കിൽ ഇതുവഴി വന്നത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നായയെ ചവിട്ടാൻ ശ്രമിച്ച രാഹുൽ മറിഞ്ഞുവീണു. തുടർന്ന് സച്ചിൻദാസുമായുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ രാഹുലിന്റെ സുഹൃത്തായ ജയകൃഷ്ണനും സ്ഥലത്തെത്തി.
ഇരുവരും ചേർന്ന് സച്ചിൻദാസിനെ ചെറിയ കത്തികൊണ്ട് ആക്രമിച്ചെന്നാണ് കേസ്. ദേഹമാസകലം മുറിവേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സച്ചിൻദാസ്. മുഖത്തും ഇടതുനെഞ്ചിലും പുറത്തും ഇടത് കൈമുട്ടിന് മുകളിലും ഉൾപ്പെടെ മുറിവേറ്റു. കേസിലെ മറ്റൊരു പ്രതിയായ രാഹുലിനും ആക്രമണത്തിനിടെ കത്തികൊണ്ട് മുറിവേറ്റിരുന്നു. ഇയാളും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്.