"കർഷകർക്കു ഞാറ്റടി' പദ്ധതിക്ക് ആലത്തൂർ സീഡ്ഫാമിൽ തുടക്കം
1461562
Wednesday, October 16, 2024 6:47 AM IST
ആലത്തൂർ: ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആലത്തൂർ സംസ്ഥാന വിത്തുത്പാദനകേന്ദ്രത്തിൽ കർഷകർക്കായി മികച്ചയിനം നെൽവിത്ത് ഉപയോഗിച്ച് ഞാറ്റടി തയാറാക്കി നൽകുന്ന പദ്ധതിക്ക് തുടക്കമായി.
സംസ്ഥാനത്തു ആദ്യമായാണ് സർക്കാർ ഉടമസ്ഥതയിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, പാലക്കാട് പ്രിൻസിപ്പൽ കൃഷിഓഫീസർ പി. സിന്ധുദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. അറുമുഖപ്രസാദ് , സീഡ് ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.വി. രശ്മി, ആലത്തൂർ കൃഷിഓഫീസർ കെ. ശ്രുതി പ്രസംഗിച്ചു.
ജില്ലാപഞ്ചായത്ത് 2024 -25 സാമ്പത്തിക വർഷത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം 100 ഏക്കർ ഞാറ്റടി തയാറാക്കുന്നതിനാണു ലക്ഷ്യമിടുന്നത്.