സ്വകാര്യ ഗോഡൗണിൽ ഒളിപ്പിച്ച 6600 കിലോ തമിഴ്നാടൻ റേഷനരി പിടികൂടി
1461556
Wednesday, October 16, 2024 6:47 AM IST
കൊഴിഞ്ഞാമ്പാറ: കരിമണ്ണിലെ സ്വകാര്യ ഗോഡൗണിൽ ഒളിപ്പിച്ച 6600 കിലോ റേഷനരി കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥത്തു നിന്നും രണ്ടു ചരക്കുവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 50 കിലോ വീതമുള്ള 132 ചാക്കുകളിലായാണ് അരി സൂക്ഷിച്ചിരുന്നത്.
പോലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എസ്എച്ച്ഒ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരമാണു മിന്നൽപരിശോധന നടന്നത്. പിടികൂടിയ റേഷനരി സപ്ലൈകോയിലേക്കു മാറ്റുമെന്ന് പോലീസ് അറിയിച്ചു.
തമിഴ്നാട്ടിൽനിന്നും റേഷനരി എത്തിച്ച് പോളിഷ് ചെയ്ത് പൗഡർ കലർത്തി മുന്തിയ വിലക്ക് വിൽപന നടത്തുന്നായി നാട്ടുകാരിൽ വ്യാപക പരാതിയുണ്ട്. കൂടാതെ തൃശൂരിലെ മൊത്ത വിൽപന സ്ഥാപനങ്ങളിലേക്കും ഇത്തരം അരി എത്തിക്കുന്നതായും ആരോപണം ശക്തമാണ്.