കോയന്പത്തൂരിലും പരിസരങ്ങളിലും കനത്ത മഴ തുടരുന്നു
1461555
Wednesday, October 16, 2024 6:47 AM IST
കോയമ്പത്തൂർ: കോയന്പത്തൂരിലും പരിസരങ്ങളിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നു. അതീവ ജാഗ്രതയിൽ ജില്ലാ ഭരണകൂടം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ മാറ്റിവയ്ക്കണമെന്നു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.
മഴക്കാലത്ത് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും വിദ്യാഭ്യാസം മുടങ്ങരുതെന്നും ഉത്തരവിൽ പറയുന്നു. കനത്തമഴയിൽ തമിഴ്നാട് കാർഷിക സർവകലാശാല കാന്പസിൽ വെള്ളപ്പൊക്കം രൂപപ്പെട്ടു.
ഓഫീസ് സമുച്ചയത്തിലും ലാബുകളിലും കാന്പസിലും വെള്ളംകയറി. ഇതു സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
ഗണപതി ഏരിയയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂൾഗ്രൗണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം രണ്ടുമണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴയിലാണ് സ്കൂൾ മൈതാനം വെള്ളത്തിനടിയിലായത്.
കനത്ത മഴയിൽ ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. നിലവിൽ 42.64 അടിയാണ് ജലനിരപ്പ്. ശിരുവാണി അണക്കെട്ടിന്റെ പൂർണ ജലനിരപ്പ് 44.61 അടിയാണ്. മഴ തുടർന്നാണ് ഡാം തുറന്നുവിടാൻ സാധ്യതയുണ്ടെന്നു അധികൃതർ അറിയിച്ചു. പ്രദേശത്ത് 20 മില്ലീമീറ്ററിലധികം മഴയാണ് കഴിഞ്ഞദിവസം പെയ്തത്. നീലഗിരി ജില്ലയിൽ കനത്തമഴയാണ് തുടരുന്നത്. കോത്തഗിരി, കുണ്ട, ഗ്ലെൻമോർഗൻ, കിന്നകൊറൈ എന്നിവിടങ്ങളിൽ കനത്തമഴ രേഖപ്പെടുത്തി.