കർഷകർക്കു കൈത്താങ്ങാൻ ഗൂളിക്കടവിൽ ഒത്തുചേരൽ നാളെ
1461021
Monday, October 14, 2024 7:49 AM IST
അഗളി: വിവിധതരത്തിൽ ഭൂമിപ്രശ്നങ്ങൾ അനുഭവിക്കുന്ന കർഷകർക്കു കൈത്താങ്ങായി പാലക്കാട് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് ഗൂളിക്കടവ് ഫാത്തിമമാതാ മില്ലേനിയം ഹാളിൽ കർഷകസമൂഹം ഒത്തുചേരും.
വനംവകുപ്പുമായി ഭൂമിതർക്കമുള്ളവരുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ മേയ് 16നു രൂപീകരിച്ച വനംവിദഗ്ധസമിതി ഇതുവരെ കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഫോറസ്റ്റ് കൺസർവേറ്റർ ഭേദഗതി നിയമം പ്രകാരം കേന്ദ്രവനം മന്ത്രാലയത്തിനു കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർ ക്ലയിം പെറ്റീഷൻ തയാറാക്കി അയക്കുകയാണു ലക്ഷ്യം.
1996 ഡിസംബർ 12 മുമ്പ് കൈവശഭൂമിയിൽ കൃഷിയോ കച്ചവടമോ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളോ നടത്തിയിരുന്നതായി എന്തെങ്കിലും സർക്കാർ രേഖയിലൂടെ തെളിയിക്കാൻ കഴിഞ്ഞാൽ വനംവകുപ്പിന്റെ നിയന്ത്രണത്തിൽനിന്നും തടസങ്ങളിൽനിന്നും ഭൂമി ഒഴിവാക്കാൻ കഴിയും. ഇത്തരം ഭൂമികൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ആറംഗ വിദഗ്ധസമിതി രൂപീകരിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിറക്കിയിരുന്നു.
എന്നാൽ സമിതി ഇതുവരെ ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല. ഇക്കാര്യം സർക്കാർ കർഷകരെയും അറിയിച്ചിട്ടില്ല. സെപ്റ്റംബറിൽ കാലാവധി തീരുന്ന സമിതി ഈമാസം 24നു മുൻപ് പരിശോധന പൂർത്തിയാക്കി നിജസ്ഥിതി റിപ്പോട്ടു ചെയ്യേണ്ടതായിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.
2023ലെ വനംഭേദഗതിയുടെ ആനുകൂല്യം കർഷകർക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാളെ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. വിവരങ്ങൾ 965038258, 9447622794 നന്പറുകളിൽ ലഭിക്കുമെന്നു കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.