മരംകടപുഴകിവീണും ഗതാഗതക്കുരുക്ക് : തിരക്കിലമർന്നു നെല്ലിയാന്പതി; എല്ലാവരും വലഞ്ഞു
1461016
Monday, October 14, 2024 7:48 AM IST
ജോജി നെന്മാറ
നെല്ലിയാമ്പതി: അവധിദിനങ്ങൾ ആഘോഷിക്കാനായി സഞ്ചാരികളുടെ തിരക്കു കൂടിയതോടെ നെല്ലിയാന്പതിയിലെത്തിയ എല്ലാവരും വലഞ്ഞു. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്കുചെയ്ത സഞ്ചാരികളുടെ തിരക്കായിരുന്നു ഇത്തവണത്തെ പ്രധാന പ്രത്യേകത.
ഒരു ദിവസത്തിനായി മാത്രം സന്ദർശനത്തിനെത്തിയ സഞ്ചാരികളുടെ വാഹനത്തിരക്കും കൂടിയായതോടെ നെന്മാറ- നെല്ലിയാമ്പതി റോഡിൽ മണിക്കൂറുകൾനീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ഇടയ്ക്കിടയ്ക്കു പെയ്യുന്ന മഴ ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റുവലിയ വാഹനങ്ങളിലും എത്തിയവരെ ഏറെ വലച്ചു.
കനത്ത മഴയിൽ റോഡുകളിൽ മിക്കയിടത്തും വാഹനങ്ങൾക്കു പരസ്പരം വശംകൊടുക്കാൻ കഴിയാതെ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. ആനമട- മിന്നാംപാറ ഭാഗങ്ങളിലേക്കു നടത്തുന്ന സഫാരി ജീപ്പ് സർവീസുകാരുടെ വാഹനങ്ങളും ഗതാഗതക്കുരുക്കിനു കാരണമായി.
ദിവസങ്ങൾക്കുമുമ്പ് ആനമട ഓഫ്റോഡിൽ സഫാരി ജീപ്പ് താഴ്ചയിലേക്കുവീണ സംഭവമുണ്ടായെങ്കിലും സഞ്ചാരികളുടെ കുറവുണ്ടായില്ല.
എങ്കിലും കനത്ത മഴയെ തുടർന്നു ഓഫ്റോഡ് യാത്ര കുറവായിരുന്നു. നെല്ലിയാമ്പതിയിൽ മരം വീണുണ്ടാകുന്ന ഗതാഗതതടസം പതിവു സംഭവമായിട്ടും മാധ്യമവാർത്തകളിൽ നിറഞ്ഞിട്ടും അഭൂതപൂർവമായ തിരക്കാണ് നെല്ലിയാന്പതിയിൽ അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ കാറ്റും ശക്തമായ മഴയും മൂടൽമഞ്ഞിറങ്ങി വാഹനയാത്രയ്ക്കു അപകട ഭീഷണിയുണ്ട്.
മൂടൽമഞ്ഞ് അകലെ കാഴ്ച മറക്കുന്നതും വാഹന യാത്രക്കു തടസമാകുന്നതായി സഞ്ചാരികളും പറഞ്ഞു.