സിപിഎം സമ്മേളനങ്ങളിൽ "ട്വിസ്റ്റോടു ട്വിസ്റ്റ്'
1461012
Monday, October 14, 2024 7:48 AM IST
ഒറ്റപ്പാലം: സിപിഎമ്മിൽ വിഭാഗീയതയുടെ കനലെരിഞ്ഞിരുന്ന കാലത്ത് ഒതുക്കപ്പെട്ടവർ ലോക്കൽ കമ്മിറ്റികളിൽ തിരിച്ചെത്തി. പാലപ്പുറം ലോക്കൽ സമ്മേളനത്തിലാണ് മുമ്പ് വിമതൻമാരായി മാറ്റി നിർത്തപ്പെട്ടവർ തിരിച്ചെത്തിയത്.
നഗരസഭയിലെ സിപിഎം വിമതരുടെ കൂട്ടായ്മയായ സ്വതന്ത്രമുന്നണിയുടെ മുൻനേതാവ് പി. ദിലീപും മുമ്പ് ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട എം. സുരേന്ദ്രനുമാണ് ഇത്തവണ കമ്മിറ്റിയിൽ ഉൾപ്പെട്ടത്.
ദിലീപ് ഡിവൈഎഫ്ഐ മുൻ ഭാരവാഹിയും സുരേന്ദ്രൻ നഗരസഭയിലെ സ്ഥിരംസമിതി മുൻ അധ്യക്ഷനുമായിരുന്നു. ഇവർക്കുപുറമേ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ സുനീറ മുജീബും അബ്ദുൽ ലത്തീഫും കമ്മിറ്റിയിലെത്തി.
ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 14ൽനിന്ന് 15 ആക്കി ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന പി. അപ്പാരു, കെ. രാജേന്ദ്രൻ, കെ. അലി എന്നിവരെ ഒഴിവാക്കി. സെക്രട്ടറിയായി സി. മാധവനെ തെരഞ്ഞെടുത്തു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെച്ചൊല്ലി ലോക്കൽ സമ്മേളനത്തിൽ ചർച്ച നടന്നു. ആരോഗ്യവകുപ്പും നഗരസഭയും ഭരിക്കുന്നത് പാർട്ടിയായിട്ടും നിരന്തരം പരാതികളുണ്ടാകുന്നതു പരിഹരിക്കാനാകുന്നില്ലെന്നു വിമർശനമുയർന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയാസെക്രട്ടറി എസ്. കൃഷ്ണദാസ്, ജില്ലാകമ്മിറ്റി അംഗങ്ങളായ എം. ഹംസ, എം.ആർ. മുരളി, ഏരിയ കമ്മിറ്റി അംഗങ്ങളായ യു. രാജഗോപാൽ, ഇ. രാമചന്ദ്രൻ, കെ. സുരേഷ്, സി. അബ്ദുൽ ഖാദർ, കെ. രാജേഷ്, ലോക്കൽ സെക്രട്ടറി സി. മാധവൻ എന്നിവർ പ്രസംഗിച്ചു.