ഇനിയും സ്മാർട്ടാകാനുണ്ട്, സ്മാർട്ട്സിറ്റിക്ക് ഏറ്റെടുത്ത സ്ഥലം
1461011
Monday, October 14, 2024 7:48 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത പ്രദേശം കാടുകയറി കാട്ടുപന്നികളുടെയും പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെയും താവളമായി മാറി.
രാവുംപകലും വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങൾ റോഡിനു മുറുകെ പാഞ്ഞ് അപകടങ്ങൾക്കു ശമനമില്ലാതായി. ദേശീയപാത പന്തലാംപാടത്തുനിന്നു കല്ലിങ്കൽപാടത്തേക്കു പോകുന്ന റോഡിന്റെ വലതുഭാഗമാണ് ഏറ്റെടുത്ത ഭൂമിയുള്ളത്. ഇവിടെ രണ്ടുകിലോമീറ്ററോളം ദൂരം അപകടസാധ്യതയുള്ള പ്രദേശമാണ്.
ഏതുസമയവും പൊന്തക്കാട്ടിൽനിന്നു പന്നിക്കൂട്ടങ്ങൾ റോഡുമുറിച്ചുകടക്കും. രണ്ടുമാസംമുമ്പാണ് ബൈക്കിൽ പോയിരുന്ന ഇവിടുത്തെ ക്രിസ്ത്യൻ എന്ന പതിനെട്ടുകാരനെ പന്നി കുത്തിമറിച്ച സംഭവമുണ്ടായത്. രണ്ടുമാസത്തിനുള്ളിൽതന്നെ അര ഡസനോളം വേറെയും അപകടങ്ങൾ ഉണ്ടായി. പലരും ഇപ്പോഴും ചികിത്സയിലാണ്. മറ്റൊരു താമസക്കാരനായ അത്തിതോട്ടത്തിൽ സണ്ണി (57) ടാപ്പിംഗിനു ബൈക്കിൽ പോകുമ്പോഴാണ് പന്നിക്കൂട്ടം ആക്രമിച്ച് പരിക്കേൽപിച്ചത്.
പാന്പുകൾക്കു പഞ്ഞമില്ല
വ്യവസായ പാർക്കിനായി ഏറ്റെടുത്ത ഭൂമിയിൽ 300 ഏക്കർ ഭൂമിയും പൊന്തക്കാട് കൂടി പന്നിക്കൂട്ടങ്ങളുടെ മാളങ്ങളാണ്. തീറ്റതേടി ഇവ റോഡ് മുറിച്ചുകടന്ന് കർഷകർ അധ്വാനിച്ചുണ്ടാക്കുന്ന വിളകളെല്ലാം കുത്തിമറിക്കും.
ഇവയ്ക്കൊപ്പം മയിൽക്കൂട്ടങ്ങളും കൃഷി നശിപ്പിക്കാൻ എത്തുമെന്നു കർഷകർ പറയുന്നു. വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളായതിനാൽ പാമ്പുകൾക്കും പഞ്ഞമില്ല. കുറുക്കൻ പടയുമുണ്ട്.
പാമ്പുകൾനിറഞ്ഞ് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും ഇവിടെ പലഭാഗങ്ങളിലും വ്യവസായ പാർക്കിനുള്ള സ്ഥലങ്ങളാണ് ഒളിത്താവളമായി കാണുന്നത്. മോഷ്ടാക്കൾക്കും ഒളിസങ്കേതമാവുകയാണ് പ്രദേശം.
വീടുകളും തോട്ടങ്ങളും നൊന്പരക്കാഴ്ച
വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് വലിയ ഇരുനില വീടുകൾ പലതുമുണ്ട്. ഈ വീടുകളും നശിക്കുകയാണ്. വ്യവസായ പാർക്ക് വരുമ്പോൾ ഓഫീസ് കാര്യങ്ങൾക്കോ മറ്റോ ഉപയോഗിക്കാവുന്ന പുതിയ വീടുകളാണ് ഇത്തരത്തിൽ നശിച്ചു പോകുന്നത്. ഏറ്റെടുത്ത സ്ഥലങ്ങളിൽ റബർ തോട്ടങ്ങളും തെങ്ങിൻ തോട്ടങ്ങളുമാണു കൂടുതൽ.
ഈ വിളകളും ആർക്കും പ്രയോജനപ്പെടാത്ത വിധം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പാതയോരത്തെ തെങ്ങുകളിൽനിന്നു നാളികേരവും പട്ടകളും വീണ് റോഡിലൂടെയുള്ള യാത്രയും അപകടകരമാണ്. പട്ടയും നാളികേരവും തലയിൽ വീഴും. ഈ വഴിക്ക് വാടകയ്ക്ക് വാഹനം വിളിച്ചാൽപോലും ആരും വരാതായെന്നാണ് നാട്ടുകാർ പറയുന്നത്.
വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലം ചുറ്റുമതിലോ കമ്പി വേലിയോ കെട്ടി കാട്ടുപന്നികൾ ചാടി പ്രദേശവാസികളെ അപകടത്തിലാക്കുന്ന സ്ഥിതി ഒഴിവാക്കണമെന്നാണുആവശ്യം. ഫലപൂയിഷ്ടമായ മണ്ണും കടുത്ത വേനലിൽ പോലും വറ്റാത്ത ഉറവകളും വിളകളും നിറഞ്ഞുനിൽക്കുന്ന ഭൂമിയാണ് വ്യവസായ പാർക്കിനായി ഏറ്റെടുത്തത്.
2016 ലാണ് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്. എട്ടുവർഷമാകുമ്പോഴും വ്യവസായ പാർക്ക് എന്ന ലക്ഷ്യത്തിലെത്താൻ ഇനിയും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലം കാട്ടുപന്നികളുടെ താവളമാക്കരുതെന്നു ഭരണകക്ഷിയിലുള്ള കേരള കോൺഗ്രസ്- എമ്മും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.