നെല്ലറയുടെ ഗ്രാമവഴികളിലെല്ലാം ഒന്നാംവിള കൊയ്ത്താരവം
1460561
Friday, October 11, 2024 6:42 AM IST
വടക്കഞ്ചേരി: ഒന്നാംവിള കൊയ്ത്ത് സജീവമായതോടെ നെല്ലറയുടെ ഗ്രാമ വഴികളിലെല്ലാം നെല്ലുണക്കലിന്റെ തിരക്കുകൾ. കൊയ്തെടുക്കുന്ന നെല്ല് അപ്പോൾ തന്നെ സമീപത്തെ വാഹന തിരക്കൊഴിഞ്ഞ റോഡുകളിലും വഴികളിലും ഉണക്കാനിടും. നെല്ല് വൃത്തിയാക്കലും ചാക്കിലാക്കുന്നതുമൊക്കെ ഇവിടെ വച്ചാണ്.
നഷ്ട കണക്കുകളുടെ പെരുമഴ പെയ്യുമ്പോഴും പ്രതീക്ഷയോടെയാണ് കർഷകർ കൊയ്ത്ത് പണികളെല്ലാം നടത്തുന്നത്. ഈ ഗ്രാമ കാഴ്ചകൾ പഴയകാല പ്രതാപത്തിന്റെ ഓർമ പുതുക്കൽ കൂടിയാണ്. പ്രതാപ കാലത്തെ ശേഷിക്കുന്ന കർഷക തൊഴിലാളികളാണ് ഇപ്പോൾ നെല്ലു വൃത്തിയാക്കുന്ന പണികൾക്കുള്ളത്.
60 പിന്നിട്ടവരാണ് ഭൂരിഭാഗം പേരും. ഇവരുടെ ആയുസ് തീരുന്നതോടെ കാർഷിക സംസ്കൃതയുടെ ഇത്തരം ഗ്രാമ കാഴ്ചകളും ഇല്ലാതാകും. ചെറുപ്പക്കാരാരും ഈ രംഗത്തേക്ക് കടന്നു വരുന്നില്ല.
പുതിയ തലമുറയിലെ സ്ത്രീകളൊന്നും ചെളിയിൽ ചവിട്ടിയുള്ള പണികൾക്ക് വരുന്നില്ലെന്ന് ആയക്കാട് പാടത്തെ ഇടവഴിയിൽ നെല്ല് വൃത്തിയാക്കുന്ന ഓമനയും പത്മാവതിയും പറയുന്നു.
പഴയകാല പ്രതാപത്തിന്റെ പ്രതീകമായാണ് കർഷകരിന്നും നെൽകൃഷിയെ കാണുന്നത്.
നഷ്ടങ്ങളും ഇല്ലായ്മകളും അവഗണിച്ച് തങ്ങളാലാകുന്ന പങ്കാളിത്തം ഇന്നും തുടരുകയാണ് ഈ രംഗത്തെ പാരമ്പര്യ കർഷകർ.
നെൽകൃഷിയുടെ വിസ്തൃതിയിൽ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും കൊയ്ത്തുതുടങ്ങിയാൽ കർഷക വീടുകളിലെല്ലാം പുതുനെല്ലിന്റെ ചൂരുയരും. കേരളത്തിലെ മൊത്തം നെല്ലുൽപാദനത്തിന്റെ നല്ലൊരു പങ്കും പാലക്കാട്ടു നിന്നാണെന്നാണ് കണക്ക്.
നെൽപ്പാടങ്ങൾ അന്യവിളകൾക്കും കെട്ടിട സമുച്ചയങ്ങൾക്കും വഴിമാറുമ്പോഴും പാലക്കാടിന്റെ പെരുമ കാക്കാൻ ചെറുതല്ലാത്ത കർഷകപ്പട ഇന്നുമുണ്ട്. മലയോരമേഖല റബറിൽ പ്രതീക്ഷയർപ്പിക്കുമ്പോൾ പാലക്കാട്ടെ സാധാരണക്കാരുടെ വളർച്ചയും തളർച്ചയുമെല്ലാം നെല്ലിനെ ചുറ്റിപ്പറ്റിയാണ്. കൃഷി നശിച്ചാലും നന്നായാലും അതു ജില്ലയിലെ സാമ്പത്തികരംഗത്തെ ബാധിക്കും.
ജില്ലയിൽ ആലത്തൂർ, ചിറ്റൂർ താലൂക്കുകളാണ് നെൽ കൃഷിയിൽ മുന്നിൽ. ആദ്യം കൊയ്ത്ത് ആരംഭിക്കുന്നതും ആലത്തൂർ താലൂക്കിലെ കനാ വെള്ളം എത്താത്ത കരപ്പാടങ്ങളിൽ നിന്നാണ്. ഇക്കുറിയും വടക്കഞ്ചേരിക്കടുത്തെ പരവാശേരി പാടശേഖരത്തിൽ നിന്നായിരുന്നു കന്നിക്കൊയ്ത്ത് തുടങ്ങിയത്.
മഴയെമാത്രം ആശ്രയിച്ചാണ് ഇത്തരം കരപ്പാടകൃഷിയെന്നതിനാൽ ഒന്നാംവിള കൊയ്ത്ത് നേരത്തെയാക്കി രണ്ടാംവിളയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. എന്നാൽ ഒന്നാം വിളകൊയ്ത്തിനും നെല്ലുണക്കുന്നതിനും മഴ വില്ലനായി മാറുന്നുണ്ടെന്നു കർഷകർ പറയുന്നു.
സപ്ലൈകോയുടെ നെല്ല് സംഭരണം തോന്നും മട്ടിലായതിനാൽ കിട്ടിയ വിലയ്ക്ക് സ്വകാര്യമില്ലുകളിൽ നെല്ല് വിൽക്കേണ്ട ഗതികേടും കർഷകർക്കുണ്ട്.
കാർഷികകലണ്ടർ വ്യക്തമായറിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പുകളും സർക്കാർസംവിധാനങ്ങളും പുറംതിരിഞ്ഞുനിൽക്കുന്നതാണു കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി.
ഫ്രാൻസിസ് തയ്യൂർ