സദാചാരഗുണ്ടാക്കേസിലെ പ്രധാന സാക്ഷി കൂറുമാറി
1460247
Thursday, October 10, 2024 7:45 AM IST
മണ്ണാർക്കാട്: ചെർപ്പുളശേരി കുലുക്കല്ലൂർ എലവത്രയിലെ സദാചാരഗുണ്ട കൊലക്കേസിലെ സാക്ഷി കൂറുമാറി. കേസിലെ പ്രധാനസാക്ഷിയായ എലവത്രയിലെ ദേവൻ ആണ് കൂറുമാറിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിലാണ് സാക്ഷി കൂറുമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പ്രോസിക്യൂഷൻ. സംഭവം നേരിട്ട് കണ്ടു എന്ന് മജിസ്ട്രേറ്റിന് മുന്നിൽ മൊഴിനൽകിയ ആളാണ് ദേവൻ. കേസിലെ ഒന്നാംപ്രതി സുനിലിന്റെ ബന്ധുവാണ് ദേവൻ.
സുനിൽ ഉൾപ്പെടെയുള്ളവർ മരിച്ച പ്രഭാകരനെ മർദിക്കുന്നത് കണ്ടു എന്ന് ആണ് ദേവൻ മൊഴി നൽകിയിരുന്നത്. താൻ ഇങ്ങനെയല്ല മൊഴി നൽകിയത് എന്നാണ് ദേവൻ പറയുന്നത്. സംഭവത്തിൽ സാക്ഷി കൂറുമാറിയതായി പബ്ലിക് പ്രോസിക്യൂട്ടർ ജയൻ പറഞ്ഞു. കൂറുമാറിയ സാക്ഷിക്കെതിരെ നടപടികൾ ഉണ്ടാകും എന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
ഇന്ന് കേസ് വീണ്ടും പരിഗണിക്കും. 2015 ഫെബ്രുവരി 15നാണ് മധ്യവയസ്കനായ പ്രഭാകരൻ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. എലവത്രയിലെ ഒരു വീട്ടിൽനിന്നും ഇറങ്ങിവന്ന പ്രഭാകരനെ ഒരു സംഘം മർദിക്കുകയായിരുന്നു എന്നാണ് പറയുന്നത്. മർദനത്തിൽ അവശനായ പ്രഭാകരൻ വഴിയിൽവെച്ച് മരണപ്പെടുകയാണ് ഉണ്ടായത്.