ദേശീയപാത ചെമ്മണാംകുന്നിലെ അപകടമരണം പാതനിർമാണത്തിലെ അപാകത മൂലമെന്ന് ആരോപണം
1460245
Thursday, October 10, 2024 7:45 AM IST
വടക്കഞ്ചേരി: ദേശീയപാത ചെമ്മണാംകുന്നിൽ ചൊവ്വാഴ്ച വൈകുന്നേരം സ്കൂട്ടർ യാത്രികൻ അപകടത്തിൽപ്പെട്ട് മരിക്കാനിടയായത് പാതനിർമാണത്തിലെ അപാകത മൂലമാണെന്ന് ചൂണ്ടിക്കാട്ടി വാണിയംപാറയിലെ ജനകീയവേദി പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചു. എൻ.സി. രാഹുൽ, ഐ.വി. സാംജി, ലിമോ ഇരട്ടിയാനിക്കൽ, കെ. സുജീഷ്കുമാർ, എൻ. രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
റോഡ് നിരപ്പിലെ ഏറ്റക്കുറച്ചിലുകളും റോഡിലെ കുഴിയും മൂലം സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞ് യാത്രക്കാർ തെറിച്ചു വീഴുകയായിരുന്നു. തൃശൂർ വെണ്ണൂർ സ്വദേശി വിജയകുമാറാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന ബന്ധുവായ യുവാവിന് അപകടത്തിൽ പരിക്കേറ്റിരുന്നു. പലതവണ റിപ്പയർ വർക്കുകൾ നടത്തിയിട്ടുള്ള ഭാഗത്താണ് അപകടം ഉണ്ടാകുന്നത്. നല്ല രീതിയിൽ പണികൾ നടത്താത്തതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്.
ചെറിയ ഇറക്കവും വളവും ഉള്ളതിനാൽ വാഹനങ്ങൾ വീഴുന്ന സ്ഥിതിയാണ്. ആറുവരി ദേശീയപാതയുടെ ഓരോ ഭാഗത്തും ഇത്തരത്തിലുള്ള അപകടസ്ഥലങ്ങളുണ്ട്. വടക്കഞ്ചേരി തങ്കം ജംഗ്ഷനടുത്ത് ഹോട്ടൽഡയാന വഴിയിലെ സർവീസ് റോഡിൽ ഡ്രെയിനേജിനു മുകളിൽ ഉയർന്നു നിൽക്കുന്ന കമ്പിയിൽ കാൽകുടുങ്ങി യാത്രക്കാർക്ക് പരിക്കേറ്റ സംഭവമുണ്ടായിരുന്നു. ടോൾ റോഡല്ലേ എന്ന് കരുതി അശ്രദ്ധമായി യാത്ര ചെയ്താൽ അപകടം ഉറപ്പാണ്. റോഡ് നല്ല രീതിയിൽ പണിയാൻ അറിയുന്നില്ലെങ്കിൽ അപകട ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളെങ്കിലും സ്ഥാപിച്ച് യാത്രികരെ രക്ഷിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.