കല്പാത്തി ദേശീയ സംഗീതോത്സവം നവംബർ എട്ടുമുതൽ 12വരെ
1459565
Monday, October 7, 2024 7:38 AM IST
പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം നവംബർ എട്ടുമുതൽ 12വരെ നടക്കും.
ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുക. കല്പാത്തി ചാത്തപുരം മണിഅയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച വേദിലാണു സംഗീതോത്സവം നടക്കുക. സംഗീതോത്സവം സംഘടിപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ഡോ.എസ്. ചിത്രയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റ് കോണ്‍ഫ്രൻസ് ഹാളിൽ യോഗം ചേർന്നു.
പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കണം സംഗീതോത്സവം നടത്തേണ്ടതെന്നു യോഗത്തിൽ ജില്ലാകളക്ടർ നിർദ്ദേശിച്ചു.പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണു സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി.
ജില്ലാ കളക്ടർ ചെയർമാനും പി.എൻ സുബ്ബരാമൻ ജനറൽ കണ്‍വീനറുമാണ്. മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എം.ബി രാജേഷ്, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് നഗരസഭാ ചെയർപേഴ്സണ്‍, ഡെപ്യൂട്ടി ചെയർപേഴ്സണ്‍, കല്പാത്തി ഉൾപ്പെടുന്ന പ്രദേശത്തെ തദ്ദേശ ജനപ്രതിനിധികൾ, ഡിടിപിസി അംഗങ്ങൾ തുടങ്ങിയവർ സംഘാടക സമിതിയിലെ രക്ഷാധികാരികളാണ്.