തെക്കേമലന്പുഴയിലെ ചതുപ്പിൽ വിനോദസഞ്ചാരികളുടെ വാഹനം കുടുങ്ങി
1459560
Monday, October 7, 2024 7:30 AM IST
മലമ്പുഴ: തെക്കേ മലമ്പുഴയിലെത്തിയ വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ടു ഡാമിലേക്കു ചെരിഞ്ഞു ചെളിയിൽ താഴ്ന്നുനിന്നെങ്കിലും വൻദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.
പാലക്കാട് മരുതറോഡ് നിവാസികളായ സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തിയഞ്ചോളം പേരാണ് ട്രാവലറിലുണ്ടായിരുന്നതെന്നു പോലീസ് പറഞ്ഞു. നാട്ടുകാർ വടം കൊണ്ടുവന്ന് പോലീസിന്റെയും മറ്റു വിനോദ സഞ്ചാരികളുടേയും സഹായത്തോടെ കെട്ടിവലിച്ച് റോഡിലേക്കുകയറ്റി. എഎസ്ഐ രമേഷ്, സിപിഒമാരായ കെ.സി. പ്രസാദ്, സുനിൽകുമാർ, മോഹനൻ, വിവി ശ്രീധരൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
റിസർവോയറിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തികളില്ലാത്തതും കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്ന വീതികുറഞ്ഞ റോഡും ഡ്രൈവർമാർക്കു വശങ്ങൾ കാണാനാവാത്തതാണ് അപകടകാരണങ്ങൾ വർധിക്കുന്നത്. അപകട സൂചനാ ബോർഡുകൾ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പലയിടത്തും വിനോദസഞ്ചാരികൾ വെള്ളത്താലിറങ്ങുന്നതും അപകടം വരുത്തിവയ്ക്കും. ഞായറാഴ്ചയായതിനാൽ മലമ്പുഴയിൽ നല്ല തിരക്കും ഉണ്ടായിരുന്നു. ഇടക്കിടെ പോലീസ് പട്രോളിംഗ് നടത്തി വിനോദ സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകി നിയന്ത്രിക്കുന്നുണ്ട്.