കൊയ്ത്തുസമയത്ത് തെരുവിലിറക്കരുതെന്നു കർഷകരുടെ മുന്നറിയിപ്പ്
1459361
Sunday, October 6, 2024 7:21 AM IST
കൊല്ലങ്കോട്: ഒന്നാംവിള കൊയ്ത്ത് തുടങ്ങിയ സമയത്തും നെല്ല് സംഭരിക്കുന്നതിൽ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്ന് കേരള കർഷക സംരക്ഷണസമിതി. സപ്ലൈകോയുടെ ഇത്തരം കർഷക ദ്രോഹ നടപടി ഏറെ പ്രതിഷേധാർഹമാണ്.
കൊയ്ത്ത്തുടങ്ങി മഴ പ്രതികൂല സാഹചര്യം സൃഷ്ടിക്കുമ്പോഴും കൊയ്തെടുത്ത നെല്ല് സംഭരിക്കാത്തത് കർഷകർക്ക് ആശങ്ക കൂട്ടുന്ന ു. സപ്ലൈകോ കർഷകർക്ക് കൊടുത്തു തീർക്കേണ്ട ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറി ലോഡിംഗ് പോയിന്റ് എന്ന പുതിയ നിർദേശവും ഉന്നയിച്ച് യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണ്. കയറ്റുകൂലി കർഷകരിൽ നിന്ന് ഈടാക്കരുത് എന്നുള്ള കോടതി നിർദേശം നടപ്പിലാക്കാതിരിക്കാനും കഴിഞ്ഞ രണ്ടാം വിളയിലെ നെല്ല് സംഭരിച്ചതിന്റെ വില മുഴുവൻ ഇപ്പോഴും കൊടുത്തു തീർക്കാത്തതും ഇതിന്റെ ഭാഗമായാണ്.
സംഭരണകാര്യത്തിൽ മില്ലുകാരുമായുള്ള ധാരണ വ്യക്തമാക്കണം. സംഭരണ വില എത്രയെന്ന് വെളിപ്പെടുത്തേണ്ടതുണ്ട്. സർക്കാരിന്റെ ഇൻസെന്റീവ് എത്രയെന്നതും മുൻകൂറായി പ്രഖ്യാപിക്കേണ്ടതുണ്ട്.
സംഭരണം വൈകിപ്പിച്ചാൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാനും പ്രസിഡന്റ് വിജയന്റെ അധ്യക്ഷതയിൽകൂടിയ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
രക്ഷാധികാരി കെ. കുട്ടി, ജനറൽ സെക്രട്ടറി പ്രഭാകരൻ, മനോഹരൻ, ജയപ്രകാശ്, അനിൽ ബാബു, കെ.സി. രാമദാസ്, ദീപൻ, ബി. രാമദാസ്, ശെൽവകുമാർ, ടി. സഹദേവൻ, രാധാകൃഷണൻ, രാജേഷ്, ദീപ, ബീന രഘുനാഥ് എന്നിവർ പ്രസംഗിച്ചു.