താലൂക്ക് ആശുപത്രി ഡോക്ടറുടെ സസ്പെൻഷൻ എംഎൽഎയുടെ പരാതിയിൽ
1459357
Sunday, October 6, 2024 7:21 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ സസ്പെൻഷനിലാകാൻ കാരണം എംഎൽഎ യുടെ പരാതിയും. ദിവസങ്ങൾക്കു മുമ്പ് നടന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ നിന്ന് ഡോ.കെ.സിത്താര കെ.പ്രേംകുമാർ എംഎൽ എ യെ പോലും വകവെക്കാതെയായിരുന്നു ഇറങ്ങിപ്പോയത.് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗ തീരുമാനപ്രകാരം കഴിഞ്ഞമാസം കെ. പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ യോഗം ചേർന്നിരുന്നു.
യോഗത്തിൽ തർക്കമുന്നയിച്ച് ഇറങ്ങിപ്പോയ നേത്രരോഗവിദഗ്ദയ്ക്കെതിരേ എംഎൽ.എ യും നഗരസഭാധ്യക്ഷയും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയാണ് നടപടിയെടുത്തത്. യോഗത്തിൽ എംഎൽഎ. കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ യോഗനടത്തിപ്പിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഡോക്ടർ രംഗത്തെത്തുകയായിരുന്നു.
ഡോക്ടർമാരുടെ യോഗത്തിൽ മറ്റാരുമുണ്ടാകരുതെന്നായിരുന്നു ഇവരുടെ വാദമെന്നാണ് അധികൃതർ പറയുന്നത്. അന്നത്തെ യോഗത്തിൽ ആശുപത്രിയിലെ ഉദ്യോഗസ്ഥ മേധാവിയുണ്ടായിരുന്നു. ആരെല്ലാം യോഗത്തിനുണ്ടാകണമെന്ന് തീരുമാനിക്കുന്നത് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷകൂടിയായ നഗരസഭാ ചെയർപേഴ്സനാണെന്ന് അന്ന് എംഎൽഎയുൾപ്പെടെയുള്ളവർ മറുപടിയും നൽകിയിരുന്നു. ഇതോടെ ഡോക്ടർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്നാണ് പരാതിയിലുള്ളത്.