തിരശീലയ്ക്കുപിന്നിൽ ഇടിമുഴക്കം; ആ ശബ്ദം ഇനി ഓർമ
1459355
Sunday, October 6, 2024 7:21 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: "സഹൃദയരായ കലാസ്വാദകരേ..അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയാണ്’. തിരശീലയ്ക്ക് പിന്നിൽനിന്നും ഉയർന്ന ഘനഗാംഭീര്യമാർന്ന ആ ശബ്ദം ഇനിയില്ല. അമച്വർ നാടകരംഗത്തുനിന്നും പ്രഫഷണൽ നാടക അരങ്ങിലേക്ക് ഷൊർണൂരിന്റെ നാടകവേദിയെ നയിച്ച ബാലസുബ്രഹ്മണ്യനെന്ന ബാൽസൺ ഷൊർണൂർ നാടകത്തിന്റെ ചമയങ്ങൾ അഴിച്ചുവച്ച് വിടവാങ്ങി.
ഒരു പുരുഷായുസ് മുഴുവൻ നാടകലോകത്തിനുവേണ്ടി ഉഴിഞ്ഞുവച്ച കലാകാരനായിരുന്നു ഇന്നലെ അന്തരിച്ച ബാൽസൺ ഷൊർണൂർ (74). നടനായും നാടകകൃത്തായും സംവിധായകനായും അരങ്ങിലും അണിയറയിലും ആടിത്തിമർത്ത ബാൽസന്റെ വേഷങ്ങൾ അനവധിയാണ്. ആയിരത്തിലേറെ വേദികളിൽ നിറഞ്ഞാടിയ"കർക്കടക തിരുവോണം’ എന്ന ആക്ഷേപഹാസ്യ ജനപ്രിയനാടകമടക്കം അൻപതോളം കലാമൂല്യമുള്ള നാടകങ്ങൾ മലയാള നാടകവേദിക്കു സമ്മാനിച്ചു.
"ബാൽസൻ ഷൊർണൂർ, നാടകകൃത്ത്, ഷൊർണൂർ’ എന്ന മേൽവിലാസം മാത്രമെഴുതി ഒരു കാലത്ത് കേരളത്തിന്റെ നാനാഭാഗത്തുനിന്ന് കൃത്യമായി തന്നെത്തേടി എത്തിയ തപാൽ കാർഡുകൾ ഏറ്റവും വലിയ അംഗീകാരമായി ഈ എളിയ കലാകാരൻ ഹൃദയത്തിൽ സൂക്ഷിച്ചു. നാടകരചയിതാവ്, നാടകസംവിധായകൻ, നടൻ, രംഗവേദിയിലെ അണിയറകലാകാരൻ, നാടകാസ്വാദകൻ, വിധികർത്താവ്, ഭരത് ബാലൻ കെ. നായർ നാടകോത്സവനടത്തിപ്പിലെ തികവുറ്റ സംഘാടകൻ,
പ്രഭാതം സാംസ്കാരിക വേദി സെക്രട്ടറി, ടെയ്ലേഴ്സ് അസോസിയേഷൻ ഭാരവാഹി, "നന്മ’ മുൻ ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ കലാ -സാംസ്കാരിക- സാമൂഹ്യ- സംഘടനാരംഗത്ത് കാലത്തിന് മായ്ക്കാനാവാത്ത കയ്യൊപ്പ് പതിപ്പിച്ചാണ് ബാൽസൻ ഷൊർണൂർ എന്ന നാടകകലാകാരൻ ജീവിതത്തിന്റെ അരങ്ങിൽനിന്ന് യാത്രയാവുന്നത്.
ഭരത് ബാലൻ കെ. നായർ, എ.എൻ. ഗണേഷ് എന്നിങ്ങനെ നാടകസിനിമാരംഗത്തെ മഹാരഥൻമാരുടെ പിൻഗാമിയായി ഷൊർണൂരിന്റെ മണ്ണിൽ ജീവിച്ച ബാൽസൺ ഉപജീവനത്തിന് തയ്യൽജോലിയാണ് ചെയ്തിരുന്നത്.
ഷൊർണൂർ സിറ്റി സ്ക്വയർ ബിൽഡിംഗിലെ "സൗന്ദര്യ ടെയ്ലേഴ്സി’ൽ ഭാര്യ വിലാസിനിയെ മാത്രമല്ല നാടകലോകത്തെ സ്നേഹിക്കുന്ന മുഴുവൻ ആസ്വാദകരയും വിഷമിപ്പിച്ചാണ് ബാൽസൻ യാത്രയാവുന്നത്. നാടകത്തെ പ്രണയിച്ച സഹോദരങ്ങളായി ബാൽസൻ ഷൊർണൂരും സ്വാതി മോഹനനും ഷൊർണൂരിന്റെ കലാ ലോകത്തു വേറിട്ട ജനശ്രദ്ധ നേടിയവരാണ്.
സ്വാതി മോഹനൻ എന്ന സ്വന്തം സഹോദരനിലെ ഹാസ്യ കലാപ്രതിഭയെ മനസിലാക്കി നാടകവേദിയിൽ ബാൽസൺ രൂപപ്പെടുത്തിയെടുത്ത കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലബാർ മേഖലയിൽ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നാടകങ്ങളെ പടിക്കുപുറത്തു നിർത്തിയിരുന്ന കാലഘട്ടത്തിൽനിന്ന് പൊതു സ്വീകാര്യത നൽകി നാടകത്തിനെ ഇന്നു കാണുന്ന തരത്തിലെത്തിച്ചതിൽ ബാൽസൺ വഹിച്ച പങ്ക് അതുല്യമാണ്.