ഒറ്റപ്പാലം നഗരസഭയിൽ ഹരിതകർമസേനയുടെ പ്രവർത്തനത്തിൽനിന്ന് സ്വകാര്യ ഏജൻസിയെ ഒഴിവാക്കി
1458932
Friday, October 4, 2024 7:25 AM IST
ഒറ്റപ്പാലം: നഗരസഭയിൽ ഹരിതകർമസേനയുടെ പ്രവർത്തനത്തിൽനിന്ന് സ്വകാര്യ ഏജൻസി പുറത്ത്. നിലവിലുണ്ടായിരുന്ന ഏജൻസി ക്രമക്കേട് കാണിച്ചതിനെത്തുടർന്നാണ് ഒഴിവാക്കിയത്. സർക്കാർ ഉത്തരവിറങ്ങുക കൂടി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇനിമുതൽ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നഗരസഭയും കരാറെടുത്ത ഏജൻസിയും തമ്മിലുള്ള വ്യവസ്ഥകളുടെ ലംഘനത്തെത്തുടർന്നാണ് ഏജൻസിയെ ഒഴിവാക്കിയത്.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും യൂസർഫീ ഇനത്തിൽ ഈടാക്കുന്ന പണം ഹരിതകർമസേനാംഗങ്ങൾക്ക് നൽകാതെ ഏജൻസി ഉപയോഗിക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയതെന്ന് നഗരസഭാധികൃതർ പറഞ്ഞു. ഇതിനൊപ്പമാണ് നടത്തിപ്പ് ഏജൻസികളെ ഏൽപ്പിക്കേണ്ടെന്ന് സർക്കാർ നിർദേശവും വന്നത്.
ഹരിതകർമസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഏഴുരൂപയ്ക്കാണ് ഏജൻസിക്ക് കൈമാറിയിരുന്നത്. മാലിന്യശേഖരണം എട്ടുമാസംകൊണ്ട് 45 ശതമാനം പൂർത്തിയായാൽ പിന്നീട് സൗജന്യമായി മാലിന്യം ശേഖരിക്കുമെന്നും കരാറിലുണ്ടായിരുന്നു. ഹരിതകർമസേനാംഗങ്ങൾക്ക് വേതനം ഉറപ്പാക്കാനും ആനൂകൂല്യം നൽകാനും ആകുമെന്ന് പ്രതീക്ഷിച്ചാണ് ഏജൻസിയെ ഏൽപ്പിച്ചത്.
ഹരിതകർമസേനയുടെ പ്രവർത്തനങ്ങളൊക്കെ ഏകോപിപ്പിക്കാൻ ഒരു കോ-ഓർഡിനേറ്റർ ഓരോമാസവും പ്രവർത്തനം വിലയിരുത്തി നഗരസഭാപരിധിയിലെ മാലിന്യശേഖരണം കൃത്യമാക്കാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നത്.
എന്നാൽ ക്രമക്കേട് കണ്ടെത്തിയതോടെ പ്രവർത്തനമെല്ലാം പഴയപടിയായി. ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വൈസ് ചെയർമാൻ കെ. രാജേഷ് പറഞ്ഞു.