ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഭാർഗവീനിലയത്തിനു സമം
1458931
Friday, October 4, 2024 7:25 AM IST
ഷൊർണൂർ: പട്ടാമ്പി താലൂക്കിലെ ആദ്യവിശ്രമകേന്ദ്രമായ ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഭാർഗവീനിലയത്തിനു സമം. പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയോരത്താണ് എട്ടുവർഷം കഴിഞ്ഞിട്ടും തുറക്കാത്ത ഈ കെട്ടിടമുള്ളത്. 40 ലക്ഷം ചെലവിട്ട് നിർമിച്ച കെട്ടിടം കാടുപിടിച്ച് നാശോന്മുഖമായി. ദീർഘദൂര വഴിയാത്രക്കാർക്ക് വിശ്രമസൗകര്യത്തിനായാണ് കേന്ദ്രം നിർമിച്ചത്. നിലവിൽ മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണ് ഈ കെട്ടിടം. കൂറ്റനാട് ജല അഥോറിറ്റിക്ക് മുന്നിലായാണ് കെട്ടിടമുള്ളത്. 2016 ൽ മന്ത്രിഎ.പി. അനിൽകുമാറാണ് കെട്ടിടം ഉദ്ഘാടനംചെയ്തത്.
ജില്ലയ്ക്കായി അനുവദിച്ച ഏക ടേക്ക് എ ബ്രേക്ക് കെട്ടിടംകൂടിയാണ് കൂറ്റനാട്ടേത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യമുൾപ്പെടെ ആധുനികരീതിയിലായിരുന്നു നിർമാണം. ഗുരുവായൂരിലേക്കും മണ്ഡല തീർഥാടനകാലത്ത് ശബരിമലയിലേക്കും നിരവധി തീർഥാടകർ ഇതുവഴി കടന്നുപോകാറുണ്ട്. ഇവർക്ക് വിശ്രമകേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുമുണ്ടായില്ല.
സാങ്കേതിക കാരണങ്ങൾമൂലമാണ് കെട്ടിടം തുറന്നു പ്രവർത്തിക്കാനാകാത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കെട്ടിടനിർമാണം മുഴുവനായും പൂർത്തീകരിച്ചെങ്കിലും കെട്ടിടനമ്പർ ലഭിക്കുകയോ വൈദ്യുതീകരണം പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. കെട്ടിടനിർമാണ സമയത്ത് കെഎസ്ടിപി യുടെ അധീനതയിലായിരുന്നു ഇതുവഴിയുള്ള പാതയുണ്ടായിരുന്നത്. പിന്നീട് പൊതുമരാമത്ത് നിരത്തുവിഭാഗത്തിനുകീഴിൽ റോഡ് വന്നു. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പദ്ധതി കൊണ്ട് ആർക്കും ഒരു ഉപയോഗവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.