ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചു; ഒപ്പം മഴയും പ്രശ്നങ്ങളും
1458930
Friday, October 4, 2024 7:25 AM IST
നെന്മാറ: നെന്മാറ മേഖലയിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചു. ഒപ്പം മഴയും വന്നതോടെ കർഷകർ പ്രതിസന്ധിയിൽ. വൈകുന്നേരവും അതിരാവിലെയുമുള്ള മഴ കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കി കൊയ്യുന്നതിന് തടസമാകുന്നു.
മഴയിൽ നെല്ലും വൈക്കോലും ഈർപ്പം ഒഴിവായി ഉണങ്ങി കിട്ടാത്തതിനാൽ കൊയ്ത്തു യന്ത്രത്തിൽ വൈക്കോലും നെല്ലും കുഴഞ്ഞു കൂടുന്നതായി കൊയ്ത്തു യന്ത്രക്കാർ പരാതിപ്പെടുന്നു.
ഈർപ്പത്തോടെ നെല്ലു കൊയ്തെടുക്കുന്നതിനാൽ നെല്ല് പൂർണമായും വേർതിരിക്കാൻ കഴിയാത്തതിനാൽ പതിരിനോടൊപ്പം നെല്ലും നഷ്ടപ്പെടുന്നതായി കർഷകരും പറയുന്നു.
മഴ നിലനിൽക്കുന്നതിനാൽ രാവിലെ വെയിൽ പരന്നതിനുശേഷം നെല്ലിലെയും വൈക്കോലിനെയും ഈർപ്പം ഉണങ്ങുന്നതുവരെ കൊയ്ത്ത് ആരംഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നു. ഉച്ചയ്ക്കുശേഷം മഴ വരുന്നത് നേരത്തെ കൊയ്ത്തു നിർത്താനും ഇടയാക്കുന്നു.
ഇതുമൂലം ഒരു ദിവസം അഞ്ചു മണിക്കൂർ പോലും യന്ത്രത്തിന് കൊയ്യാൻ കഴിയുന്നില്ല. ഇത് കൂടുതൽ നെൽപ്പാടങ്ങളിലെ കൊയ്ത്ത് വൈകാനിടയാകുന്നു.
മണിക്കൂറിന് 2300 മുതൽ 2400 വരെ കൊയ്ത്തു കൂലി വാങ്ങുന്നുണ്ട്. ഒരാഴ്ചയോളം കഴിഞ്ഞാൽ മാത്രമേ കൊയ്ത്ത് സജീവമാകുകയുള്ളൂ.
ഒന്നാംവിളക്കൊയ്ത്ത് ചെളിയുള്ള പാടങ്ങളിലായതിനാൽ ടയറുകൾ ഉപയോഗിച്ചുള്ള കൊയ്ത്തുയന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല.
നെല്ല് കടത്തിക്കൊണ്ടു പോകാനുള്ള ട്രാക്ടറുകൾക്കും ചെളി ഉള്ളതിനാൽ നെൽപ്പാടങ്ങളിൽ ഇറങ്ങി രണ്ടാംവിളയിലെ പോലെ യന്ത്രത്തിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കാൻ കഴിയാത്തതിനാൽ വലിയ പാടശേഖരങ്ങളിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ നെല്ല് ട്രാക്ടറിൽ എത്തിക്കുന്നതിന് കൂടുതൽ ദൂരം നെൽപ്പാടങ്ങളിലൂടെ ഓടേണ്ടി വരുന്നു. ഇത് കൊയ്ത്തു കൂലിയുടെ ചെലവ് വർധിപ്പിക്കുന്നു. അപൂർവം ചില സ്ഥലങ്ങളിൽ നാലുചക്ര എൻജിനിൽ ഓടുന്ന ട്രാക്ടറുകൾ ചെളിയുള്ള നെൽപ്പാടങ്ങളിൽ ഇറങ്ങി നെല്ല് സംഭരിക്കുന്നുണ്ട്.
നെല്ലുസംഭരണവും വിലയും തീരുമാനം ആകാത്തതിനാൽ കർഷകർക്ക് നെല്ല് ഉണക്കി സൂക്ഷിക്കേണ്ടി വരുന്നു.
കൊയ്ത അതേനിലയിൽ നെല്ല് സൂക്ഷിച്ചാൽ ഈർപ്പം ഉള്ളതിനാൽ മുളച്ചു പോകാൻ സാധ്യതയും വർധിക്കുന്നു. രണ്ടാഴ്ചയ്ക്കകം കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തുമെന്ന് ഏജന്റുമാർ പറയുന്നു.