ഡിവൈഎസ്പി ഓഫീസിലേക്ക് സിപിഐ മാർച്ച്
1458929
Friday, October 4, 2024 7:21 AM IST
അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആദിവാസി മഹാസഭ നേതാവുമായ മരുതി മുരുകനെ അപമാനിച്ചവർക്കെതിരേ പോലീസ് കേസെടുക്കാത്തിൽ പ്രതിഷേധിച്ച് സിപിഐ അട്ടപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗളി ഡിവൈഎസ്പി ഓഫീസിലേക്കു മാർച്ച് നടത്തി.
സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ ചികിത്സയുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കുന്നതിനായി എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ താത്കാലിക ജീവനക്കാരിയും ഭർത്താവും ബന്ധുക്കളുംചേർന്നു ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
സംഭവത്തിൽ മരുതി മുരുകന്റെ പരാതിയിൽ അന്വേഷണം നടത്താതെ പോലീസ് പ്രതികളെ രക്ഷിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി.
ഇതിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
ഇതിനുപുറമേ ഒരാൾ 12 തവണ വിവിധ ഫോൺ നമ്പറുകളിൽനിന്നും വിളിച്ച് മരുതി മുരുകനെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ശബ്ദസന്ദേശമടക്കം അഗളി സിഐക്ക് പരാതി നൽകിയിട്ടു ഒരുവർഷമായെങ്കിലും നടപടി ഉണ്ടായില്ല.
2023 ഒക്ടോബർ 26നാണ് പരാതി നൽകിയത്. ഈ രണ്ടു കേസുകളിലും പോലീസ് അനുവർത്തിക്കുന്ന നിഷ്ക്രിയത്വത്തിനെതിരേയായിരുന്നു മാർച്ച്. അഗളി അയ്യപ്പക്ഷേത്രത്തിന്റെ മുൻപിൽനിന്നും പ്രകടനമായെത്തിയ മാർച്ച് പോലീസ് സ്റ്റേഷൻകവാടത്തിൽ പോലീസ് തടഞ്ഞു.
അഗളി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തകരുമായ നടന്ന ചർച്ചയിൽ 10 ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കാമെന്നു പോലീസ് ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ, സി. രാധാകൃഷ്ണൻ, മണികണ്ഠൻ, ഡി. രവി, വി.എം. ലത്തീഫ്, അരുൺഗാന്ധി, ആനക്കൽ ബാബു, ജ്യോതി അനിൽകുമാർ, ജയചന്ദ്രൻ, സൈമൺ കോശി, അശോകൻ പെട്ടിക്കൽ, ഷാജി, സിനി മനോജ്, സെന്തിൽ കുമാർ പങ്കെടുത്തു.