പാലക്കാട് രൂപത വിശ്വാസപരിശീലന അധ്യാപകദിനം ആഘോഷിച്ചു
1458927
Friday, October 4, 2024 7:21 AM IST
പാലക്കാട്: രൂപതയുടെ വിശ്വാസപരിശീലന അധ്യാപകദിനം പാസ്റ്ററൽ സെന്ററിൽ ആഘോഷിച്ചു. രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
സീറോമലങ്കര കത്തോലിക്കസഭ മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് മുഖ്യപ്രഭാഷണം നടത്തി. ഒരുകുഞ്ഞിന്റെ ജനനംമുതൽ അമ്മ പകർന്നുനൽകുന്നതാണു ആദ്യവിശ്വാസപരിശീലനമെന്നും ദൈവീകരേഖകളുടെ കലവറയിൽനിന്ന് പുതുതലമുറയ്ക്കു വിശ്വാസപരിശീലകർ പകർന്നു നൽകുന്നതാണു ഞായറാഴ്ച വിശ്വാസപരിശീലനമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ക്രിസ്ത്വാനുഭവത്തിലേയ്ക്കു കുട്ടികളെ വളർത്തുംവിധം രൂപതയിൽ വിശ്വാസപരിശീലനം നല്ലരീതിയിൽ നടത്തുന്ന എല്ലാ വിശ്വാസപരിശീലകരെയും രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിനന്ദിച്ചു. പാലക്കാട് രൂപതയുടെ കൂട്ടായ്മ കേരളസഭയ്ക്കുതന്നെ മാതൃകയാണ്. നാം ഒറ്റക്കെട്ടായിനിന്നു നമ്മുടെ വിശ്വാസം പ്രഘോഷിക്കുകയും ഉജ്വലിപ്പിക്കുകയും ചെയ്യണമെന്നു ബിഷപ് വിശ്വാസപരിശീലകരോടു ആഹ്വാനം ചെയ്തു.
ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത്, രൂപത വിശ്വാസപരിശീലനവേദി ഡയറക്ടർ ഫാ. ജെയിംസ് ചക്യേത്ത് എന്നിവർ അധ്യാപകദിന സന്ദേശം നൽകി. അസിസ്റ്റന്റ് ഡയറക്ടർ ഫാ. അമൽ വലിയവീട്ടിൽ, വടക്കഞ്ചേരി ഫൊറോന വിശ്വാസപരിശീലന ഡയറക്ടർ ഫാ. ജെയ്ജിൻ വെള്ളിയാംകണ്ടത്തിൽ, വിശ്വാസപരിശീലന കൗണ്സിൽ സെക്രട്ടറി സജി ജേക്കബ് എന്നിവർ ആശംസാപ്രസംഗം നടത്തി.
സെന്റ് റാഫേൽസ് കത്തീഡ്രൽ ദേവാലയത്തിൽ തുടർന്നുനടന്ന പൊതുസമ്മേളനത്തിൽ രൂപതയിലെ പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന വൈദികരെയും 35, 25, 15 വർഷങ്ങൾ വിശ്വാസപരിശീലന ശുശ്രൂഷ നൽകിയ അധ്യാപകരെയും രൂപതയുടെ ബേസിക് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലെ റാങ്കുജേതാക്കളെയും ആദരിച്ചു.
രൂപത നടത്തിയ വിവിധ കലാമത്സരങ്ങളുടെ സമ്മാനദാനവും കാഞ്ഞിരപ്പുഴ ഡാം, മണ്ണാർക്കാട്, ഒലവക്കോട് തുടങ്ങിയ യൂണിറ്റുകളിലെ വിശ്വസപരിശീലന അധ്യാപകരും കുട്ടികളും ചേർന്നൊരുക്കിയ കലാപരിപാടികളും നടന്നു.