ഗാന്ധിസ്മൃതിദിന പരിപാടിയിൽ താരമായി നാലാംക്ലാസുകാരി
1458696
Thursday, October 3, 2024 6:51 AM IST
അഗളി: ഗാന്ധിജയന്തി ദിനത്തിൽ വനിതാ സാഹിതി അട്ടപ്പാടി മേഖലാകമ്മിറ്റി അഗളിയിൽ സംഘടിപ്പിച്ച സബർമതി ഗാന്ധി സ്മൃതിദിന പരിപാടിയിൽ താരമായി നാലാംക്ലാസുകാരി ഇഫ അമൽ.
പ്രമുഖർ പങ്കെടുത്ത വേദിയിൽ തനിക്കും രണ്ടുവാക്ക് സംസാരിക്കണെന്ന ആവശ്യവുമായി ഇഫ അമൽ സംഘാടകരെ സമീപിക്കുകയായിരുന്നു. ഇഫയുടെ തീപ്പൊരിപ്രഭാഷണം വേദിയിലും സദസിലും ആവേശമുയർത്തി. പ്രസംഗം അവസാനിപ്പിച്ചയുടൻ മുഖ്യാതിഥിയായി വേദിയിലിരുന്ന ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഇഫയെ പൊന്നാട അണിയിച്ചാദരിച്ചു. അഗളി ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥിനിയാണ് ഇഫ അമൽ.
വനിതാ സാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രഫ. സി.പി. ചിത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന്ധി ക്വിസ്, ചിത്രരചനാ മത്സരങ്ങളും അട്ടപ്പാടി കമ്യൂണിറ്റി തീയേറ്റേഴ്സ് കലാകാരന്മാർ അവതരിപ്പിച്ച ശിങ്കാരിമേളവും അരങ്ങേറി.
പുരോഗമന കലാസാഹിത്യ സംഘം അട്ടപ്പാടി മേഖലാ സെക്രട്ടറി കെ.ജി. സുനിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭൻ, മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ മെംബർ വി.കെ. ജെയിംസ്, വനിതാ സാഹിതി അംഗങ്ങൾ, വിവിധ വാർഡ് മെംബർമാർ, അധ്യാപകർ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.