നിർത്തിവച്ച പട്ടാമ്പി തടയണ നിർമാണം എന്നു തുടങ്ങും..?
1458430
Wednesday, October 2, 2024 7:35 AM IST
ൊഷൊർണൂർ: ഭാരതപ്പുഴയിൽ നിർത്തിവെച്ച പട്ടാമ്പി തടയണയുടെ തുടർനിർമാണം അവതാളത്തിലായി. ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറയുകയും അനുയോജ്യമായ സാഹചര്യം രൂപപ്പെടുകയും ചെയ്തിട്ടുകൂടി തുടർപ്രവൃത്തികൾക്ക് വേണ്ടി അധികൃതർ ഒന്നും ചെയ്യാത്ത സ്ഥിയാണ്. ഈ വർഷം തന്നെ പണി പൂർത്തീകരിക്കാനാണ് ശ്രമമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഭാരതപ്പുഴയിൽ പട്ടാമ്പിക്കടുത്ത് കിഴായൂർ നമ്പ്രം ഭാഗത്തുള്ള പാതയിൽനിന്ന് ഞാങ്ങാട്ടിരി ക്ഷേത്രം കടവിനു സമീപത്തേക്കാണ് തടയണ നിർമിക്കുന്നത്. തടയണയുടെ പണി പൂർത്തിയായെങ്കിലും ഇരുഭാഗത്തും സംരക്ഷണഭിത്തി കെട്ടാനുള്ള പണിയാണ് ഇനി തുടങ്ങാനുള്ളത്. കൂടാതെ തടയണയുടെ അടിഭാഗത്ത് കല്ലുപാകി നിരപ്പാക്കണം. കോൺക്രീറ്റ് ബ്ലോക്കുകളും ശരിയാക്കാനുണ്ട്. ഷട്ടറുകളും സ്ഥാപിക്കാനുണ്ട്. ഒരു പാർക്കിനുള്ള സൗകര്യങ്ങൾ ഉണ്ടാകത്തക്കവിധത്തിൽ സംരക്ഷണഭിത്തി കെട്ടണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. അതുകൂടി കണക്കിലെടുത്താവും തുടർനിർമാണം.
തടയണ ഭാഗത്തുനിന്ന് നാല് കിലോമീറ്റർ അകലെയുള്ള ചെങ്ങണാംകുന്ന് റെഗുലേറ്റർവരെയുള്ള ഭാഗത്തും പട്ടാമ്പി നഗരസഭയിലും ഓങ്ങല്ലൂർ പഞ്ചായത്തിലുമുള്ള പുഴയോരഭാഗങ്ങളും പുറമ്പോക്കും പ്രയോജനപ്പെടുത്തി വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് നീക്കം.
ഇപ്പോഴും ജലസമൃദ്ധിയിലുള്ള ചെങ്ങണാംകുന്ന് റെഗുലേറ്റർ പ്രദേശം പ്രകൃതിരമണീയമാണ്. മാത്രമല്ല അധികം താമസിയാതെ പട്ടാമ്പി തടയണയും വെള്ളിയാങ്കല്ല് റെഗുലേറ്റർ-കം-ബ്രിഡ്ജിനു താഴെ ഭാരതപ്പുഴയിൽ പണി നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കടവ് റെഗുലേറ്ററും കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജും പൂർത്തിയായാൽ പട്ടാമ്പി താലൂക്കിലെ നിളയോരം മുഴുവൻ 25 കിലോമീറ്ററോളം തുടർച്ചയായ ജലസമൃദ്ധിയിലാവും. ഇതുവഴി നിർദ്ദിഷ്ട കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാതകൂടി വരുന്നതും ഈ ഭാഗം മുഴുവൻ വിനോദസഞ്ചാരികൾക്ക് മനോഹര കാഴ്ചയാണ് നൽകുക. 32.5 കോടി രൂപ ചെലവിൽ നബാർഡ് സഹായത്തോടെ ഭാരതപ്പുഴയുടെ ഇരുകരകളിലുമായി 947 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനുദ്ദേശിച്ചാണ് പട്ടാമ്പി തടയണ നിമാണം.
ബലിതർപ്പണത്തിനു പേരുകേട്ട തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിന്റെ പുഴയോരക്കടവിലും ഞാങ്ങാട്ടിരി ക്ഷേത്രക്കടവിലും വേനൽക്കാലത്തും തടയണ ജലസമൃദ്ധി നൽകും. കൂടാതെ കീഴായൂർ തിരുമിറ്റക്കോട്, ഞാങ്ങാട്ടിരി ചെറുകിട ജലസേചന പദ്ധതികൾക്കും തടയണ ജലസമൃദ്ധി ഉറപ്പാക്കും.