പടവലം വില കുത്തനേ ഇടിഞ്ഞു; ദുരിതത്തിലായി കർഷകർ
1458429
Wednesday, October 2, 2024 7:35 AM IST
നെന്മാറ: പാവൽ പന്തലുകളിൽ രണ്ടാംവിളയായി പടവലം കൃഷി ചെയ്ത കർഷകർക്ക് കനത്ത നഷ്ടം. ഓണം കഴിഞ്ഞതോടെ പടവലം വില കുത്തനെ ഇടിഞ്ഞു. നെന്മാറ, അയിലൂർ മേഖലയിലെ പച്ചക്കറി കർഷകരിൽ നിന്ന് കിലോ 10 - 12 നിരക്കിലാണ് മൊത്ത കച്ചവടക്കാരും വിഎഫ്പിസികെ യും സംഭരിക്കുന്നത്. വിപണിയിൽ പടവലത്തിന് 22 മുതൽ 26 വരെ വിലയുണ്ട്.
മൊത്തക്കച്ചവടക്കാരുടെ വാഹനങ്ങളും കർഷകരിൽ നിന്ന് ദിവസവും മറ്റു പച്ചക്കറികൾക്കൊപ്പം പടവലവും സംഭരിക്കുന്നുണ്ട്. വ്യാപാരികൾക്ക് പടവലം ധാരാളം ലഭിച്ചു തുടങ്ങിയാൽ ഗ്രാമീണമേഖലയിൽ നിന്ന് പടവലം സംഭരിക്കാൻ വരാതാകും എന്ന ആശങ്കയും കർഷകർ പങ്കുവെച്ചു.
വിലകുറഞ്ഞതിനാൽ കർഷകർക്ക് വാഹനങ്ങളിൽ കയറ്റി വിഎഫ്പിസികെ മാർക്കറ്റിൽ എത്തിക്കാനുള്ള ചെലവുപോലും കിട്ടുന്നില്ല. എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലേക്കാണ് ഇപ്പോൾ പടവലം നെന്മാറ മേഖലയിൽ നിന്നും കയറ്റി പോകുന്നത്. കടത്തുകൂലിയടക്കം വിലയിൽ വരുന്നതിനാൽ തെക്കൻ കേരളത്തിൽ പടവലത്തിന് 30 രൂപ വരെ വിലയുണ്ട്.
10 രൂപയിലും താഴേക്ക് മൊത്ത വില താഴ്ന്നാൽ മൂപ്പ് എത്തിയ പടവലം പറിച്ച് തടത്തിൽ തന്നെയിട്ട് വളമാക്കേണ്ട സ്ഥിതി ദിവസങ്ങൾക്കകം സംജാതമാകുമെന്ന ആശങ്കയും അയിലൂർ, പാളിയമംഗലം, തിരുവഴിയാട്, മേഖലയിലെ കർഷകർ പറഞ്ഞു.
പാവലിന് 25 രൂപയ്ക്ക് മുകളിൽ വില ലഭിക്കുമ്പോൾ പടവലം 10 രൂപ മുതലാണ് വില ലഭിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി മഴ കുറഞ്ഞതോടെ പതിവിൽ കൂടുതൽ വിളവും പടവലത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. ഉത്പാദനം വർധിച്ച സമയത്ത് വിലയിടിഞ്ഞത് കർഷകർക്ക് വലിയ നഷ്ടം വരുത്തി. എന്നാൽ പടവലത്തിന് പകരം പയർ കൃഷി ചെയ്ത കർഷകർക്ക് 25 രൂപയ്ക്ക് മുകളിൽ മൊത്തവില ലഭിക്കുന്നുണ്ട്.
ഹൈബ്രിഡ് പടവലം വിത്തിനു തന്നെ കിലോ 7000 മുതൽ 8500 രൂപ വരെ വിലയുണ്ട്. വിത്ത്, കൂലിചെലവ്, വളം, കീടനാശിനി, കൃഷിസ്ഥലത്തിന്റെ പാട്ടം എന്നിവ കഴിഞ്ഞാൽ പച്ചക്കറി കർഷകന് കൂലി ചെലവ് പോലും ലഭിക്കുന്നില്ലെന്ന് പച്ചക്കറി കൃഷി ചെയ്യുന്ന കർഷകനായ കയറാടി പനംകുറയിലെ കാട്ടുമാക്കൽ കെ.എസ്. ശശി പറഞ്ഞു.
ജോജി തോമസ്