ശങ്കരൻനമ്പൂതിരിയുടെ കൃഷിയിടം കാണാൻ കാനഡയിൽനിന്നുള്ള പഠനസംഘമെത്തി
1458428
Wednesday, October 2, 2024 7:35 AM IST
ശ്രീകൃഷ്ണപുരം: വലമ്പിലിമംഗലം മൂർത്തിയേടത്ത് ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടം കാനഡയിൽ നിന്നുള്ള കാർഷിക പഠന സംഘം സന്ദർശിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ ജൈവകൃഷിരീതികൾ എങ്ങനെയാണ് ലഘൂകരിക്കുന്നതെന്നതിനെ സംബന്ധിച്ച പഠനങ്ങൾക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയയിൽ നിന്നുള്ള പഠന സംഘം കേരളത്തിലെത്തിയത്.
യൂണിവേഴ്സിറ്റിയിലെ പ്രഫ. ഹന വിറ്റ്മെൻ, പ്രൊജക്ട് കോ-ഓർഡിനേറ്റർ കരോലിന, കാനഡയിലെ ജൈവകർഷക സംഘടനാ പ്രതിനിധി ഇവാലിന എന്നിവരടങ്ങുന്ന പഠനസംഘമാണ് ശ്രീകൃഷ്ണപുരത്തെത്തിയത്.
മണ്ണ് പരിപാലനം, പ്രകൃതി വൈവിധ്യങ്ങളുടെ സംരക്ഷണം, പാരമ്പര്യ ഇനം പശുക്കളുടെയും വിവിധ വിളകളുടെയും പരിപാലനം, ജൈവകൃഷി പരിപാലനം, ജല സംരക്ഷണം, പ്രകൃതി സൗഹൃദ ജീവിതരീതികൾ, 550 ൽ അധികമുള്ള മാവിൻ തൈകളുടെ ശേഖരം, കേരളത്തിലെ കാലാവസ്ഥ തുടങ്ങി വിവിധ മേഖലകളിലെ പ്രായോഗിക അനുഭവങ്ങളും അവയിലെ ശാസ്ത്രീയതയും സംബന്ധിച്ചും അവ കാലാവസ്ഥയെ എങ്ങിനെ സ്വാധീനിക്കുന്നു എന്നും ശങ്കരൻ നമ്പൂതിരി സ്വന്തമായ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വിവരിച്ചു നൽകി. കാനഡയില കൃഷി രീതികൾ സംഘം വിവരിച്ചു.