തകർന്ന പ്രധാന കനാൽ പുനർനിർമിക്കാൻ വൈകുന്നതിനെതിരേ സമരവുമായി കർഷകർ
1458047
Tuesday, October 1, 2024 7:02 AM IST
വടക്കഞ്ചേരി: ഹോട്ടൽ ഡയാനക്കു പുറകിൽ പള്ളിക്കാടുഭാഗത്ത് മഴവെള്ളപ്പാച്ചിലിൽ തകർന്ന പ്രധാന കനാൽ പുനർനിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻസഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ വടക്കഞ്ചേരിയിലുള്ള ജലസേചന വകുപ്പ് ഓഫീസിനുമുന്നിൽ സമരം നടത്തി. കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. അലി കുന്നങ്കാട് അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി വാസുദേവൻ തെന്നിലാപുരം, ശശി പൂങ്ങോട്, സലിം പ്രസാദ്, എ. സുരേഷ് കുമാർ, ഗോകുൽദാസ്, ഗിരീഷ് സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. ജാക്സൺ ലൂയീസ് സ്വാഗതവും ശശി പൂങ്ങോട് നന്ദിയും പറഞ്ഞു. പ്രകടനമായെത്തിയായിരുന്നു സമരം.
രണ്ടുമാസംമുമ്പ് ശക്തമായ മഴയിലെ വെള്ളപ്പാച്ചിലിലാണ് മംഗലംഡാമിൽ നിന്നുള്ള ഇടതുകര മെയിൻ കനാൽ 30 മീറ്ററോളം തകർന്നിട്ടുള്ളത്.
രണ്ടാംവിള കൃഷിക്ക് വെള്ളംകൊണ്ടുപോകാൻ കനാൽ താത്കാലികമായി മണ്ണിട്ടുനികത്തി വെള്ളം ഒഴുകാൻ സംവിധാനമൊരുക്കുമെന്നാണ് ഇറിഗേഷൻ കനാൽ വിഭാഗം അധികൃതർ പറഞ്ഞിരുന്നത്.