പൊതുമരാമത്തുവകുപ്പ് അനാസ്ഥയ്ക്ക് മറ്റൊരു രക്തസാക്ഷി കൂടി
1454788
Saturday, September 21, 2024 2:03 AM IST
വണ്ടിത്താവളം: വിളയോടിയിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ ഗോപിനാഥൻ വാഹന അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ ജനരോഷം ശക്തമായി. പഞ്ചായത്ത് അധികൃതർ റോഡ് വക്കത്തെ പാഴ്ചെടികൾ മുറിച്ചു നീക്കാത്തതിലും പൊതുജന അമർഷമുണ്ടായി. ഇന്നലെ രാവിലെ 7.15 നാണ് ബൈക്കിൽ സഞ്ചരിച്ച ഗോപിനാഥൻ റോഡുവക്കത്തെ പാഴ്ചെടികളിൽനിന്നുമുള്ള വള്ളിപ്പടർപ്പ് കഴുത്തിൽ കുടുങ്ങി റോഡിൽ വീണ് എതിരെ വന്ന വാഹനംകയറി മരിച്ചത്. ശോകനാശിനി പുഴപ്പാലം മുതൽ വണ്ടിത്താവളം സ്കൂൾ ഗ്രൗണ്ട് വരേയും റോഡിൽ യാത്ര അപകട ഭീഷണിയിലാണെന്ന് ദീപിക ഇക്കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മൂന്നുവർഷം മുൻപാണ് പൊതു മരാമത്ത് ആറര കിലോമീറ്റർ റോഡ് വീതി കൂട്ടി പുനർനിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി രണ്ടു തവണ സർവേ നടത്തുകയും ചെയ്തു. ഉടൻ നവീകരണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് ആവർത്തിച്ചു പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും അനക്കമുണ്ടാകാത്തത് അപകടങ്ങൾ തുടർക്കഥയായി നീളുകയാണ്.
പുഴപ്പാലം മുതൽ വണ്ടിത്താവളം വരേയും നിരവധി സ്ഥലങ്ങളിൽ എതിർവശം തിരിച്ചറിയാൻ കഴിയാത്ത ഹെയർപിൻ ബെന്റുകളാണ്. ഇന്നലെ അപകടം നടന്ന സ്ഥലത്ത് റോഡതിക്രമിച്ചു നിന്ന ചെറു വൃക്ഷങ്ങൾ നാട്ടുകാർ സ്വന്തം ചെലവിൽ മുറിച്ചു നീക്കുകയും ചെയ്തു. സ്ഥലത്ത് തെരുവിളക്കുകൾ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നുണ്.
അടിയന്തരമായി ആറര കിലോമീറ്റർ റോഡ് നവീകരണത്തിനായി പ്രക്ഷോഭസമരം നടത്താനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.