വടക്കാഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ട് നിർമാണം തടഞ്ഞു; കൗൺസിലർമാരടക്കം നാലുപേരെ അറസ്റ്റ്ചെയ്തു
1454782
Saturday, September 21, 2024 2:03 AM IST
വടക്കാഞ്ചേരി: ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നിർമാണം തടഞ്ഞു. നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ്ചെയ്തു നീക്കി. നിർമാണം അശാസ്ത്രീയമാണെന്നുകാണിച്ചാണു നിർമാണംതടഞ്ഞത്. കൗൺസിലർമാരായ സന്ധ്യ കൊടയ്ക്കാടത്ത്, പി.എൻ. വൈശാഖ്, നേതാക്കളായ ജി. ഹരിദാസ്, അനൂപ് സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെടെ നാലുപേരെയാണ് വടക്കാഞ്ചേരി എസ്ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ എന്നിവരും കൗൺസിലർമാരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.തുടർന്ന്എക്സിക്യൂട്ടീവ് എൻജിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
വികസന പ്രവർത്തനങ്ങൾക്ക് എതിരല്ലന്നും ഡിവിഷൻ കൗൺസിലറായും നാട്ടുകാരുമായും ആലോചിക്കാതെ ഏകപക്ഷീയമായി നടപ്പിലാക്കുന്ന പരിപാടികൾ അംഗീകരിക്കില്ലെന്നും കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത് പറഞ്ഞു.
എന്നാൽ നാട്ടുകാർക്കും റോഡിനും യാതൊരുബുദ്ധിമുട്ടും ഇല്ലാത്ത രീതിയിലാണ് ഗ്രൗണ്ട് നവീകരണം നടക്കുന്നതെന്നും വികസന പ്രവർത്തനങ്ങളെ ഇല്ലാതാക്കാനുള്ള കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം വെറും പ്രഹസനമാണെന്നും നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു.
കൗൺസിലർമാരുടെ അറസ്റ്റ്: പ്രതിഷേധം ശക്തം
വടക്കാഞ്ചേരി: നഗരസഭ കൗൺസിലർമാരെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം. നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തി.
സമരത്തിനു പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ, ഡിസിസി സെക്രട്ടറിമാരായ പി.ജെ. രാജു, എൻ.ആർ. സതീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മായിൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷെഫീക്ക്, കൗൺസിലർമാരായ ടി. ജോയ്, എസ്എഎ അസാദ്, ജിജി സാംസൺ, നബീസ നാസറലി, ജോയൽ മഞ്ഞില, കമലം ശ്രീനിവാസൻ, ബിജീഷ് ഭാസ്കരൻ, നേതാക്കളായ എ.എസ്. ഹംസ, ടി.വി. സണ്ണി, സി.ആർ. രാധാകൃഷ്ണൻ, കുട്ടൻ മച്ചാട്, ശശിമംഗലം, ബാബുരാജ് കണ്ടേരി, അനീഷ് കണ്ടംമാട്ടിൽ തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.