ഡ്രൈവിംഗ് ടെസ്റ്റ് വരോട്ടേക്കു മാറ്റാൻ മോട്ടോർവാഹനവകുപ്പ് നീക്കംതുടങ്ങി
1454502
Friday, September 20, 2024 1:55 AM IST
ഒറ്റപ്പാലം: നഗരസഭ സ്ഥലം നൽകിയാൽ മോട്ടോർവാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ചിനക്കത്തൂർ മൈതാനിയിൽ നിന്ന് വരോട്ടേക്ക് മാറ്റും. വരോട്ട് നഗരസഭയുടെ കളിസ്ഥലം ഇതിനായി ഉപയോഗിക്കും. ടെസ്റ്റ് നടത്താൻ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ആർടിഒ ഒറ്റപ്പാലം നഗരസഭയ്ക്ക് കത്തുനൽകി. നിലവിൽ പാലപ്പുറത്ത് ചിനക്കത്തൂർക്കാവ് മൈതാനത്ത് നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് മാറ്റാനാണ് പുതിയസ്ഥലം തേടുന്നത്.
ടെസ്റ്റുകൾ പരമാവധി സർക്കാർഭൂമികളിൽ നടത്തണമെന്നാണ് സർക്കാർ നിർദേശം. ഇത് പരിഗണിച്ചാണ് പുതിയസ്ഥലം കണ്ടെത്താൻ ശ്രമം നടത്തുന്നത്. മോട്ടോർവാഹന വകുപ്പിന്റെ സർക്കുലർപ്രകാരം ടെസ്റ്റ് നടത്താൻ വരോട്ട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 71.84 സെന്റ് ഭൂമി അനുവദിക്കണമെന്നാണ് ആർടിഒയുടെ കത്തിലെ ആവശ്യം. നഗരസഭ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. പ്രദേശവാസികളുമായി ആലോചിക്കാനും ചർച്ചകൾക്കുമായി കൗൺസിലറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ചർച്ചയുടെ വിശദാംശങ്ങൾ കൗൺസിൽ പരിഗണിച്ചശേഷം അന്തിമ തീരുമാനമെടുക്കും. സ്ഥലം ലഭിച്ചാൽ ടെസ്റ്റ് അവിടേക്ക് മാറ്റുമെന്നും അല്ലെങ്കിൽ നിലവിലെ സ്ഥിതി തുടരുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു. കാലങ്ങളായി ഡ്രൈവിംഗ് ടെസ്റ്റിനായി മോട്ടോർവാഹനവകുപ്പ് ഒറ്റപ്പാലത്ത് സ്ഥലം തേടുന്നുണ്ട്. അതേസമയം അനങ്ങൻമലയുടെ അടിവാരത്ത് ഡ്രൈവിംഗ് സ്കൂളുകാർ സംയുക്തമായി വാങ്ങിയിട്ടുള്ള മൈതാനത്തിൽ ടെസ്റ്റ് നടത്തുന്നതിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഇത് സർക്കാർ നിലപാടിന് എതിരാണ്.