പട്ടാമ്പി ഭാരതപ്പുഴ പാർക്ക് നവംബറിൽ തുറക്കും
1454221
Thursday, September 19, 2024 1:42 AM IST
ൊഷൊർണൂർ: പട്ടാമ്പിയിൽ ഭാരതപ്പുഴ പാർക്കിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി നവംബർ അവസാനത്തോടെ തുറക്കാൻ നടപടി. ഇതിനാവശ്യമായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. പട്ടാമ്പി നഗരസഭയിൽ പുഴയുടെ തീരത്ത് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിലാണ് പാർക്ക് നിർമിക്കുന്നത്.
നിർമാണം പൂർത്തീകരിച്ചു വരുന്ന നിളയോരം പാർക്കിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ എംഎൽഎ നേരിട്ടെത്തിയിരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 90 ലക്ഷം രൂപ ഉപയോഗിച്ചാണ് പാർക്കിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. രണ്ടാംഘട്ടനിർമാണത്തിനാവശ്യമായ ഫണ്ട് ഉടൻ നൽകുമെന്ന് എംഎൽഎ അറിയിച്ചു. ഭാരതപ്പുഴയെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം പൊതുജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാവുന്ന രീതിയിലാണ് പാർക്കിന്റെ രൂപകൽപന.
പട്ടാമ്പി നമ്പ്രം റോഡിൽ നിന്നും ഗുരുവായൂർ ക്ഷേത്രം വരെയുള്ള പുഴയോട് ചേർന്നുകിടക്കുന്ന 75 സെന്റ് സ്ഥലത്താണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഭാരതപ്പുഴയിൽ മഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ പാർക്കിൽ വെള്ളം കയറിയതോടെ നിർമാണം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. പാർക്കിലെ പുല്ലും ചെളിയും നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ബാക്കിയുള്ള പ്രവൃത്തികൾ നവംബർ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു. വിവിധ നിറങ്ങളിലുള്ള ഗ്രില്ലുകൾ സ്ഥാപിക്കുന്ന ജോലിയും നടപ്പാത നിർമാണവും പൂർത്തിയാവുകയും കവാടം സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയുമാണ്. അലങ്കാര ലൈറ്റുകൾ സ്ഥാപിക്കൽ, മരങ്ങൾ വച്ചു പിടിപ്പിച്ചു പാർക്കിനെ ഹരിതാഭമാക്കൽ തുടങ്ങിയവയും നടപ്പാക്കും. കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ആംഫി തീയറ്റർ എന്നിവയും പാർക്കിൽ സജ്ജീകരിക്കും. വിനോദ സാംസ്കാരിക, വ്യാപാര മേഖലകൾക്കുകൂടി പാർക്ക് പ്രയോജനപ്പെടും. പൂർണമായും എംഎൽഎ ഫണ്ടിൽ നിർമിക്കുന്നു എന്ന പ്രത്യേകതയും പാർക്കിനുണ്ട്. നേരത്തെ നഗരസഭ നേതൃത്വത്തിൽ റവന്യു വകുപ്പിന്റെ സഹായത്തോടെ കൈയേറ്റക്കാരിൽ നിന്നു തിരിച്ച് പിടിച്ച സ്ഥലത്താണ് പാർക്ക് നിർമിക്കുന്നത്.