നെൽകർഷകർക്ക് ഇനി തിരക്കിന്റെ നാളുകൾ, ഒന്നാംവിള കൊയ്ത്ത് തുടങ്ങി
1453934
Wednesday, September 18, 2024 1:27 AM IST
വടക്കഞ്ചേരി: ഓണം കഴിഞ്ഞ് ഒന്നാംവിള കൊയ്ത്ത് തുടങ്ങി. മഴയെ മാത്രം ആശ്രയിച്ച് ഇരുപ്പൂ നെൽകൃഷി ചെയ്യുന്ന പരുവാശേരി പാടശേഖരത്തിലാണ് കൊയ്ത്ത് ആരംഭിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള കൊയ്ത്ത് യന്ത്രങ്ങൾ തന്നെയാണ് ഇക്കുറിയും പാടത്ത് ഇറങ്ങിയിട്ടുള്ളത്. മണിക്കൂറിന് 2400 രൂപയാണ് കൊയ്ത്ത് നിരക്ക്. ഏജന്റുമാർ വഴിയാണ് കൊയ്ത്ത് യന്ത്രങ്ങൾ എത്തുന്നത്. ഇതിനാൽ ഉയർന്ന നിരക്ക് തുടരുകയാണ്. മറ്റു പാടശേഖരങ്ങളിൽ കൂടി കൊയ്ത്ത് ആരംഭിക്കുന്നതോടെ നൂറുകണക്കിന് കൊയ്ത്ത് യന്ത്രങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെയെത്തും.
പരുവാശേരി, കൊളക്കോട്, നെല്ലിയാംപാടം, ചല്ലിപറമ്പ്, മുളന്തനോട് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പരുവാശേരി പാടശേഖരം. ഇതിലെ നൂറ് ഏക്കറിലാണ് കൊയ്ത്ത് ആരംഭിച്ചിട്ടുള്ളത്. ആയക്കാട്, കുറുവായ് തുടങ്ങിയ പാടശേഖരങ്ങളിലും അടുത്ത ദിവസങ്ങളിൽ കൊയ്ത്ത് തുടങ്ങും. മഴ മാറി നിന്നാൽ കൊയ്ത്ത് വേഗത്തിലാകും. ക്രമരഹിതമായ കാലവർഷം മൂലം നെല്ലിന്റെ വളർച്ചക്കും വിളവിനും കോട്ടം തട്ടിയിട്ടുണ്ടെങ്കിലും ഭേദപ്പെട്ട വിളവാണ് പ്രതീക്ഷിക്കുന്നതെന്ന് പരുവാശേരി പാടശേഖരസമിതി പ്രസിഡന്റ് ആർ. കൃഷ്ണൻ പറഞ്ഞു. 90 ദിവസം മൂപ്പുള്ള ജ്യോതി മട്ട നെല്ലാണ് കൂടുതലും കൃഷി ചെയ്തിട്ടുള്ളത്. പന്നിശല്യം ഇക്കുറി വലിയ വെല്ലുവിളിയായിരുന്നുവെന്ന് കർഷകർ പറഞ്ഞു. കൂട്ടമായി എത്തുന്ന പന്നികൾ കണ്ടങ്ങളിൽ ഉരുണ്ട് കളിച്ച് നെല്ല് വീഴും.
പിന്നെ യന്ത്രകൊയ്ത്തും നടക്കില്ല. മയിൽ, പച്ചക്കിളികൂട്ടങ്ങൾ തുടങ്ങിയവയും വിള നശിപ്പിക്കാൻ എത്തുന്നുണ്ട്. അടുത്തമാസം അവസാനം വരെ ഇനി കൊയ്ത്തും രണ്ടാം കൃഷി ഒരുക്കങ്ങളുമായി കർഷകർ തിരക്കുകളിലേക്ക് നീങ്ങുകയാണ്. സപ്ലൈകോയുടെ നെല്ല് സംഭരണ ആനുകൂല്യങ്ങൾ ആദ്യം കൊയ്ത്തു നടക്കുന്ന ഇത്തരം കരപ്പാടങ്ങളിലെ കർഷകർക്ക് ലഭിക്കാറില്ല. സ്വകാര്യ മില്ലുകളിൽ കിട്ടിയ വിലയ്ക്ക് നെല്ല് വിൽക്കേണ്ട ഗതികേട് തന്നെയാണ് ഇപ്പോഴും ഉള്ളത്.
28 രൂപ 40 പൈസ കിലോക്ക് തറവിലയുള്ള നെല്ലിന് സ്വകാര്യ മില്ലിൽ എത്തിച്ചാൽ 24 രൂപയെ കിട്ടൂ. ഉണക്കകുറവ്, ചണ്ടി കൂടുതൽ, വൃത്തിയാക്കിയിട്ടില്ല എന്നൊക്കെ പറഞ്ഞ് വില 20 രൂപ വരെയായി കുറക്കും. ഇന്നത്തെ ഉത്പാദന ചെലവ് കണക്കാക്കുമ്പോൾ കിലോയ്ക്ക് 30 രൂപയെങ്കിലും കർഷകന് ലഭിച്ചാൽ മാത്രമെ കൃഷി നഷ്ടമാകാതെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്ന് കൃഷ്ണൻ പറഞ്ഞു.