അട്ടപ്പാടിയുടെ തനതുവിഭവമാകാൻ മില്ലറ്റ് ബിരിയാണി; തൃത്താലപ്പൊലിമയിൽ ആദ്യവില്പന
1453479
Sunday, September 15, 2024 4:57 AM IST
പാലക്കാട്: അട്ടപ്പാടി മില്ലറ്റ് ബിരിയാണി എന്ന പേരിൽ പുതിയ ബിരിയാണിയുമായി കുടുംബശ്രീ പ്രവർത്തകർ. തൃത്താല വെള്ളിയാങ്കല്ലിൽ നടക്കുന്ന തൃത്താലപ്പൊലിമ കാർഷിക പ്രദർശന വിപണന മേളയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീനയാണ് ബിരിയാണി പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തിയത്.
ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം പരിശീലനം നേടിയ അട്ടപ്പാടിയിലെ കുടുംബശ്രീ പ്രവർത്തകരാണ് ഈ ബിരിയാണിക്ക് പിന്നിൽ.
പോഷക സന്പുഷ്ടവും സമീകൃതവുമായ ആഹാരം ജീവിതശൈലീരോഗങ്ങൾക്ക് പരിഹാരമാകുമെന്നതും എളുപ്പത്തിൽ ദഹിക്കുമെന്നതും കൊണ്ടാണ് ചെറുധാന്യങ്ങൾ കുടുംബശ്രീ പ്രോത്സാഹിപ്പിക്കുന്നത്. ഈ വിഭവം ഇനി മുതൽ എല്ലാ ഭക്ഷ്യമേളകളിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ല കുടുംബശ്രീ മിഷൻ ഭാരവാഹികൾ അറിയിച്ചു.
2024 വർഷത്തെ വൈദഗ്ധ്യപരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തി 30 പേർക്കാണ് പുതിയ ഭക്ഷ്യവിഭവങ്ങളുടെ പരിശീലനം ജില്ലാ കുടുംബശ്രീ മിഷൻ നൽകിയത്. ഇതിൽ നിന്നും ഉരുത്തിരിഞ്ഞ പ്രത്യേക ചേരുവകൾ ചേർത്ത വിഭവമാണ് അട്ടപ്പാടി മില്ലറ്റ് ബിരിയാണി.