ഓലക്കുടകളുമായി ജാനകി തിരക്കിലാണ്..
1453140
Saturday, September 14, 2024 1:43 AM IST
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: തിരുവോണമിങ്ങെത്തി... മാവേലിമന്നനെ ചൂടിക്കാനുള്ള ഓലക്കുടകളുടെ വില്പനയുമായി ഉത്രാടത്തലേന്നും ജാനകി തിരക്കിലാണ്. ചെറുബാല്യത്തിൽ തുടങ്ങിയതാണ് വാണിയംകുളം പനയൂർ പുറയ്ക്കാട്ടുപറമ്പിൽ ജാനകി(72)യുടെ ഓലക്കുടനിർമാണവും വില്പനയും. ഉപഭോക്തൃസംസ്കാരത്തിന്റെ പത്തായപ്പുരയിൽ അന്യംനിന്നുപോയ കുലാചാരത്തെ ഇന്നും കൈവിടാതെ നെഞ്ചോടുചേർത്തു വയ്ക്കുകയാണ് വാർധക്യത്തിലെത്തിയ ഇവർ.
എത്ര വയ്യായ്കയുണ്ടെങ്കിലും ഓണക്കാലമായാൽ കുറച്ച് ഓലക്കുടകളെങ്കിലും ഉണ്ടാക്കി വിറ്റില്ലെങ്കിൽ ജാനകിക്ക് ഓണംവന്ന "ഫീൽ’ കിട്ടില്ല. ഇത് തന്റെ നിയോഗംകൂടിയാണെന്നാണ് ജാനകി വിശ്വസിക്കുന്നത്. നാലരപ്പതിറ്റാണ്ടിലേറെയായി ഓലക്കുടനിർമാണവും വില്പനയും ജാനകി തുടങ്ങിയിട്ട്. ഇന്ന് ഓണം റെഡിമെയ്ഡാണന്ന് ജാനകി പറയുമ്പോൾ വാക്കുകളിൽ നിരാശയുടെ സ്പർശം. പൂക്കളമൊരുക്കിയും പൂവിളിച്ചും തുമ്പിതുള്ളിയുമുള്ള ഗതകാല ഓണാഘോഷങ്ങളുടെ നാളുകൾ തിരിച്ചുവരില്ലെന്ന് ജാനകിയുടെ സാക്ഷ്യപത്രം. പണ്ട് ഓലക്കുടകളില്ലെങ്കിൽ മാതേവരെ വയ്ക്കില്ല. ഇന്ന് മാതേവരുമില്ല, ഓലക്കുടയുമില്ല. ജാനകിയുടെ വാക്കുകളിൽ നിരാശയുടെ ലാഞ്ചനയുണ്ട്.
മാതാപിതാക്കളായ ആറുമുഖൻ, സീത എന്നിവരിൽനിന്നാണ് ഓലക്കുട മെനഞ്ഞെടുക്കുന്ന വിദ്യ ജാനകി പരിശീലിച്ചത്. ഇപ്പോൾ കാൽക്കുടയ്ക്ക് 800 രൂപ മുതൽ ആയിരംരൂപ വരെയാണു നിരക്ക്. സാധാരണ കുടയ്ക്ക് 400 രൂപ വിലവരും.
കഴിഞ്ഞകാലങ്ങളിൽ കുട്ടനാട്ടിലെ വള്ളംകളിക്കു ചെറിയ തൊപ്പിക്കുടകൾ ആവശ്യമായിരുന്നു. ആലപ്പുഴയിൽനിന്നു തൊപ്പിക്കുടകൾക്കും കാൽക്കുടകൾക്കും ഓർഡർ ലഭിക്കുകയും അതു സമയത്തിനു തയാറാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഇത്തവണ അവർ ജാനകിയെ അന്വേഷിച്ചെത്തിയില്ല. കുടപ്പനയുടെ ഓലയും മുളയും ഈർമ്പനയുടെ ഈരയും ഉപയോഗിച്ചാണ് ഓലക്കുട മെനഞ്ഞെടുക്കുന്നത്. ഓണം പ്രമാണിച്ച് ഇത്തവണ കാൽക്കുടയ്ക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.
കലാമണ്ഡലത്തിൽ കഥകളി അരങ്ങിലേക്കു ലവനും കുശനും പിടിക്കാനുള്ള ഓലക്കുടകളും ഈയിടെയായി നിർമിച്ചുനൽകുന്നതു ജാനകിയാണ്.
തന്റെ കാലത്തോടുകൂടി ഈ കുലത്തൊഴിൽ അന്യംനിൽക്കുമോ എന്ന ആശങ്കയും ജാനകിക്കുണ്ട്. കുടനിർമാണം പഠിച്ചെടുക്കാൻ ആരും തയാറാവാത്തതാണ് പ്രശ്നമെന്നും ജാനകി പറയുന്നു.