റോഡുകൾ തകർന്നുകിടക്കുകയാണ്, ഏതുസമയവും യാത്ര മുടങ്ങാം...
1453139
Saturday, September 14, 2024 1:43 AM IST
വടക്കഞ്ചേരി: ഇത്തവണ ഓണം അവധിക്ക് കുടുംബസമേതം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടെ ഒരു മെക്കാനിക്കിനെയും ഒന്നോ രണ്ടോ സ്റ്റെപ്പിനി ടയറുകളുംകൂടി കരുതുന്നതു നന്നാകും. വാഹനവുമായി പുറത്തിറങ്ങാനാകാത്തവിധം റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്. അത്യാവശ്യത്തിനു പുറത്തുപോയി തിരിച്ചുവന്നാൽ വാഹനത്തിന്റെ മെയിന്റനൻസ് വർക്കിനുതന്നെ വലിയൊരു തുക കണ്ടെത്തേണ്ട ദുരവസ്ഥയാണിപ്പോൾ.
എന്നാൽ ടാറിംഗിന്റെ കറുപ്പുനിറംപോലും ഇല്ലാത്ത റോഡുകളിൽ പോലീസിന്റെയും മറ്റും പരിശോധനയ്ക്ക് കുറവില്ല. ഓണത്തിന്റെ ടാർജറ്റ് തികയ്ക്കാനുള്ള തിരക്കിലാണ് പരിശോധനാവകുപ്പുകാരെല്ലാം. പഞ്ചായത്ത് റോഡ് മുതൽ സംസ്ഥാനപാതയും ദേശീയപാതയുമെല്ലാം വാഹനം ഓടിക്കാനാനാകാത്ത സ്ഥിതിയിലായി. റോഡിൽ പലയിടത്തും കിടങ്ങുകൾപോലെയാണ് കുഴികൾ. തകർന്നുകിടക്കുന്ന ഇത്തരം റോഡുകളിലൂടെ അത്യാസന്നനിലയിലുള്ള രോഗികളുമായി ആംബുലൻസുകൾ പായുന്നതും അപകടഭീഷണിയിലാണ്. ലക്ഷ്യസ്ഥാനത്തു രോഗി ജീവനോടെ എത്തിയാൽ ഭാഗ്യം.
റോഡിലെ കുഴികളിലെല്ലാം ഇറങ്ങിക്കയറി പോകേണ്ടിവരുന്നതിനാൽ എവിടെയും വാഹനക്കുരുക്കും രൂക്ഷമാണ്. ചരക്കുലോറികൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ ചങ്ങലക്കണ്ണിപോലെ പോകുന്ന മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത മുമ്പൊന്നും ഇല്ലാത്തവിധമാണ് തകർന്നിട്ടുള്ളത്. കുഴികളിൽ ചാടാതെ ഈ റോഡിലൂടെ പോകാനാകില്ല. പാത തുടങ്ങുന്ന മംഗലംപാലം ജംഗ്ഷനിൽ വലിയ കുളങ്ങളാണിപ്പോൾ.
വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനു സമീപം റോഡ് പോലും ഇല്ലാതായി. അത്രമേൽ തകർന്നിരിക്കുകയാണ് സംസ്ഥാനപാത. ഇടയ്ക്കിടെ മണ്ണും മെറ്റലും നിറച്ച് കുഴിയടയ്ക്കും. രണ്ടു മഴപെയ്താൽ പഴയ സ്ഥിതിയിലാകും. മലയോരമേഖലയിലേക്കുള്ള മുടപ്പല്ലൂർ - മംഗലംഡാം റോഡിന്റെ സ്ഥിതിയും മറിച്ചല്ല.
വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയിലും മരണക്കിണറുകളാണ്. സൂക്ഷിച്ചുപോയില്ലെങ്കിൽ വലിയ അപകടം സംഭവിക്കും. കഴിഞ്ഞ വേനലിൽ റോഡുപണികൾ നടക്കാത്തതിനാൽ പഞ്ചായത്ത് റോഡുകളും ഗതാഗതയോഗ്യമല്ലാതായി. കേടു വരാതിരുന്ന റോഡുകൾ അടുത്തൊന്നും നടപ്പിലാകാത്ത മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി വെട്ടിപ്പൊളിച്ച് ചാലുകളാക്കി നശിപ്പിക്കുകയും ചെയ്തു.