മംംഗലംഡാം -മുടപ്പല്ലൂർ റോഡിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കി
1451201
Saturday, September 7, 2024 12:18 AM IST
മംഗലംഡാം: മംഗലംഡാം - മുടപ്പല്ലൂർ റോഡിൽ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും അപകട ഭീഷണിയായി നിന്നിരുന്ന മരങ്ങളിൽ ഏതാനും മരങ്ങൾ മുറിച്ചുനീക്കി.
ഒടുകൂർ കോവിൽ മുതൽ ചിറ്റടി സബ് സെന്റർ വരെയുള്ള ഭാഗത്തെ ഏതാനും മരങ്ങളാണ് മുറിച്ചുനീക്കിയത്. കുറെ മരങ്ങളുടെ കൊമ്പുകൾ മുറിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.
പഞ്ചായത്ത് മെംബർ ഡിനോയ് കോമ്പാറ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തികൾ.
എന്നാൽ വാഹനങ്ങൾക്ക് അപകടഭീഷണിയായി ഇനിയും നിരവധി മരങ്ങൾ പാതയോരത്ത് നിൽക്കുന്നുണ്ട്.
ചിറ്റടി പെട്രോൾ പമ്പിനടുത്ത് പാതക്ക് ഇരുവശവും അപകടഭീഷണി ഉയർത്തുന്ന നിറയെ മരങ്ങളുണ്ട്. ഒടുകൂർ കുന്നംകോട്ടുകളം ഭാഗത്തും വീട്ടുകാർക്ക് ഭീഷണിയായി ഉണങ്ങിയ മരങ്ങൾ ഉൾപ്പെടെ ഇനിയും മുറിച്ചു നീക്കണമെന്ന ആവശ്യവും ശക്തമാണ്.
മഴക്കാലത്ത് ഈ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകിയും കൊമ്പൊടിഞ്ഞും പല ദിവസങ്ങളിലും വാഹനഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. ആരുടെയൊക്കെയോ ഭാഗ്യത്തിന് മരങ്ങൾ വാഹനങ്ങൾക്ക് മുകളിൽ വീണ് ദുരന്തങ്ങൾ സംഭവിച്ചില്ല.
അപകടഭീഷണിയായി നിൽക്കുന്ന മുഴുവൻ മരങ്ങളും മുറിച്ചു നീക്കി വിനോദസഞ്ചാര കേന്ദ്രമായ മംഗലംഡാമിലേക്കും മലയോരങ്ങളിലേക്കുമുള്ള വാഹന യാത്ര അപകട രഹിതമാക്കണമെന്നാണ് ആവശ്യം.