ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി
1451197
Saturday, September 7, 2024 12:18 AM IST
അഗളി: അട്ടപ്പാടി വണ്ണാന്തറമേട്ടിൽ ഒരേക്കർ സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം ഷോളയൂർ കൃഷി ഓഫീസർ വിഷ്ണു നിർവഹിച്ചു. കുറവൻപാടി പുത്തൂർ വീട്ടിൽ ബാബു-ഡീന ദമ്പതികൾ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് ചെണ്ടുമല്ലികൃഷി ഇറക്കിയത്. ഓണം വിപണി ലക്ഷ്യമിട്ടായിരുന്നു പൂകൃഷി. രണ്ടുമാസത്തിനുള്ളിൽ തന്നെ ചെണ്ടുമല്ലി വിളവെടുപ്പിന് പാകമായി.ആദ്യഘട്ടത്തിൽ വിളവെടുപ്പ് നടത്തിയ 250 കിലോ പൂവ് കോയമ്പത്തൂർ മാർക്കറ്റിലേക്ക് അയച്ചു.
കൃഷി ചെയ്യുന്നതിനുള്ള തൈകൾ കോയമ്പത്തൂരിൽ നിന്നും സൗജന്യമായി ലഭിച്ചതായി ഡീന ബാബു പറഞ്ഞു. കൃഷി വകുപ്പിൽ നിന്നും കുടുംബശ്രീയിൽ നിന്നും പുഷ്പകൃഷിക്ക് സബ്സിഡി വാഗ്ദാനം ചെയ്തതായും ദമ്പതികൾ അറിയിച്ചു. കൃഷി ഉദ്യോഗസ്ഥരായ സുരേഷ്, വിജയ്, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകരായ ജോബി കുരീക്കാട്ടിൽ, കെ.ജെ. മാത്യു, സിജോ പതിക്കൽ, കെ. ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.