പട്ടാന്പിയിലെ ട്രാഫിക് പരിഷ്കരണം വിലയിരുത്താൻ യോഗംവിളിച്ച് നഗരസഭ
1450929
Friday, September 6, 2024 12:06 AM IST
പട്ടാന്പി: ഗതാഗതപ്രശ്നങ്ങൾ രൂക്ഷമായ പട്ടാമ്പിയിൽ നഗരസഭയുടെ നേതൃത്വത്തിൽ യോഗം. നഗരത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായി അപകടനിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗതക്കു രുക്കിനു കുറവ് വന്നിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
നിലവിലെ ട്രാഫിക് പരിഷ്കരണത്തിൽ വ്യാപാരിസംഘടനകൾ പോലീസ് നടപടിയിൽ രേഖപ്പെടുത്തിയ അതൃപ്തി ഉൾപ്പെടെ യോഗത്തിൽ ചർച്ചചെയ്തു. പട്ടാമ്പിയിൽ നിലവിൽ ബസ് സ്റ്റാൻഡ് പരിസരത്തു നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ ബസ് ഉടമകളും തൊഴിലാളികളും സംതൃപ്തി രേഖപ്പെടുത്തി. ടൗണിൽ റോഡുനിർമാണം കഴിയുന്നതുവരെയെങ്കിലും നിലവിലെ പോലീസ് നടപടികൾ നിർത്തിവയ്ക്കണമെന്നു വ്യാപാരിസംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടു. പട്ടാമ്പി നഗരത്തിൽ നിലവിൽ കെട്ടിടങ്ങളിൽ നിന്ന് ഇറക്കിക്കെട്ടിയ കൈയേറ്റം ഉൾപ്പെടെയുള്ളവ പൊളിച്ചുമാറ്റാൻ തയാറാണെന്നു ബിൽഡിംഗ് ഓണേഴ്സ് പ്രതിനിധികളും അറിയിച്ചു.
പട്ടാമ്പി സിവിൽസ്റ്റേഷൻ റോഡിൽ ബൈക്ക് പാർക്കിംഗിന് അനുമതിനൽകണമെന്നു ആവശ്യമുയർന്നു. കടകളിലേക്കു സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ബിൽഡിംഗുകളിൽ മതിയായ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
കൈയേറ്റങ്ങൾ ഒഴിപ്പിച്ച് കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും നടപ്പാതകൾ ഒരുക്കണമെന്നു പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ഉയർന്നുവന്ന ചർച്ചകൾ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു അധ്യക്ഷത വഹിച്ച നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ പറഞ്ഞു.
നഗരസഭാ കൗൺസിലർമാർ, റവന്യൂ, പൊതുമരാമത്ത്, പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരിസംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഓട്ടോ- ടാക്സി-ടെമ്പോ സംഘടനാ പ്രതിനിധികൾ, ബസ് ഓണേഴ്സ്, ബിൽഡിംഗ് ഓണേഴ്സ്, പാസഞ്ചേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു.