മന്ത്രിസ്ഥാനം സംരക്ഷിക്കാൻ കെ. കൃഷ്ണൻകുട്ടി രക്തസാക്ഷികുടുംബത്തെ വഞ്ചിച്ചു: കെ. മുരളീധരൻ
1450928
Friday, September 6, 2024 12:06 AM IST
വണ്ടിത്താവളം: തന്റെ മന്ത്രിസ്ഥാനം സംരക്ഷിക്കാൻ കെ. കൃഷ്ണൻകുട്ടി രക്തസാക്ഷികുടുംബത്തെ വഞ്ചിച്ചെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ.
അക്രമ- ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരേ ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനതാദൾ പ്രവർത്തകനായിരുന്ന വണ്ടിത്താവളം ശിവൻ കൊലക്കേസിലെ പ്രതികളെ തെളിവിന്റെ അഭാവത്തിൽ കോടതി വെറുതെവിട്ട പശ്ചാത്തലത്തിലാണ് ഉപവാസസമരം നടത്തിയത്.
സിപിഎം ജില്ലാസെക്രട്ടറി ഉൾപ്പെടെയുള്ള പ്രതികളെ രക്ഷിക്കാൻ ജനതാദൾ നേതൃത്വം വഴങ്ങിക്കൊടുത്തു. സാക്ഷികളെ സിപിഎം നേതാക്കൾ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂറുമാറ്റുമ്പോൾ കൃഷ്ണൻകുട്ടി മൂകസാക്ഷിയായി നിന്നു. പാർട്ടിപ്രവർത്തകരുടെ ജീവനു വിലകല്പ്പിക്കുന്നുണ്ടെങ്കിൽ കൃഷ്ണൻകുട്ടി ഹൈക്കോടതിയിൽ അപ്പീലിനു പോകണം.
തന്റെ പാർട്ടിക്കുവേണ്ടി രക്തസാക്ഷിയായ ശിവന്റെ കുടുംബത്തിനൊപ്പംനിന്നാൽ പിണാറായി മന്ത്രി സഭയിൽനിന്നും പുറത്താക്കുമെന്നഭയം കൃഷ്ണൻകുട്ടിക്കുണ്ട്.
ദേശീയതലത്തിൽ ബിജെപിക്കും കേരളത്തിൽ സിപിഎമ്മിനും ഒപ്പംനിൽക്കുന്ന ജനതാദളിന്റെ അംഗത്തെ പുറത്താക്കാൻ ഇതിൽപ്പരം കാരണം വേറെവേണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ചിറ്റൂർബ്ലോക്ക് പ്രസിഡന്റ് കെ. മധു അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, മുൻ എംഎൽഎ കെ. അച്യുതൻ, മുൻ ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, ഡിസിസി ഭാരവാഹികളായ വി.കെ. ശ്രീകൃഷണൻ, പത്മഗിരീശൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. ശിവദാസ്, കെ എസ്. സക്കീർഹുസൈൻ, കർഷകർ കോൺഗ്രസ് സംസ്ഥന സെക്രട്ടറി ശിവരാജൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നാരായണസ്വാമി, യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറിമാരായ പ്രതീഷ് മാധവൻ, ഷഫിക്ക് അത്തിക്കോട്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. പങ്കജാക്ഷൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ. ഷഫിക്ക്, യുത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. സാജൻ, മുൻ ഡിസിസി ഭാരവാഹികളായ എ. ഭവദാസ്, കെ.എ. അബ്ബാസ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ. ഗോപാലസ്വാമി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സി.സി. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.