ഗോവിന്ദാപുരം സംസ്ഥാനപാതയും മംഗലംഡാം റോഡും തകർന്നുതന്നെ
1450923
Friday, September 6, 2024 12:06 AM IST
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയടക്കം ഇപ്പോൾ റോഡുകൾ നിലനിൽക്കുന്നത് ക്വാറി വേസ്റ്റിന്റെയും മണ്ണിന്റെയും ബലത്തിൽ.
നാലുവരിപ്പാതയാക്കി നവീകരണം നടക്കുമെന്നുപറഞ്ഞ് ഏറെവർഷങ്ങളായി ശരിയായ രീതിയിൽ റീടാറിംഗ് നടക്കാത്ത മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ പലയിടത്തും ടാറിംഗ് ഇല്ലാതായി.
പാതതുടങ്ങുന്ന മംഗലംപാലം ജംഗ്ഷനിൽതന്നെ വലിയ കുളങ്ങളുംകിടങ്ങുംപോലെയാണ് റോഡിന്റെ സ്ഥിതി. ഇവിടെനിന്നും നൂറുമീറ്റർ പിന്നിട്ടാൽ ഏതുസമയവും തകരുന്ന കൾവർട്ടുണ്ട്.
ഒരുമാസംമുമ്പ് കൾവർട്ടിന്റെ പകുതിഭാഗം പണിത് വാഹനഗതാഗതത്തിനു തുറന്നുകൊടുത്തതായിരുന്നു. എന്നാൽ 24 മണിക്കൂർ തികയുംമുന്പേ കൾവർട്ട് തകർന്നു. ഇവിടെ കഴിഞ്ഞദിവസം വീണ്ടും കൾവർട്ട് പുതുക്കിപ്പണിതിട്ടുണ്ട്.
രണ്ടാഴ്ച കഴിഞ്ഞാൽ ഇതു തുറന്നുകൊടുക്കും. ഇവിടെനിന്നും 150 മീറ്റർ പിന്നിട്ടാൽ മൂച്ചിചുവട് മറ്റൊരു കൾവർട്ട് തകർന്നു കുഴിയായി കിടക്കുന്നുണ്ട്. ഈ കുഴികളെല്ലാം ചാടിക്കടന്ന് 200 മീറ്റർ പിന്നിട്ടാൽ വള്ളിയോട് തേവർക്കാട് കൺവൻഷൻ സെന്ററിനുസമീപം കുറേഭാഗത്ത് ടാറിംഗ്പോലും കാണാൻകഴിയില്ല. കുറെ മണ്ണുംചെളിയും മാത്രമേ ഇവിടെയുള്ളു. ടാറിംഗ് റോഡ് വൻ ഗർത്തങ്ങളായപ്പോൾ പാതയോരത്തു ചേർന്ന് പലവഴിക്കാണ് ഇവിടെ വാഹനങ്ങൾ കടന്നു പോകുന്നത്. ഇവിടെ എത്ര പാതകളുണ്ടെന്നു എണ്ണാൻപോലും കഴിയില്ല. ഇന്നലെ ഇവിടെ ജെസിബി കൊണ്ടുവന്ന് കുറെ മണ്ണിട്ടു മൂടിയിട്ടുണ്ട്.
മുടപ്പല്ലൂർ ജംഗ്ഷനിലും കുഴികൾക്കു കുറവില്ല. ചിറ്റിലഞ്ചേരിയിലും നെന്മാറ കടന്നുമെല്ലാം സംസ്ഥാനപാത തകർന്നു തന്നെയാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി 12 വർഷംമുമ്പ് പ്രഖ്യാപിച്ച മംഗലംഡാമിൽ എത്തണമെങ്കിൽ വിനോദസഞ്ചാരികൾ ഏറെ പാടുപ്പെടണം.
മുടപ്പല്ലൂരിൽ നിന്നും മംഗലംഡാമിലേക്കുള്ള പത്തുകിലോമീറ്റർറോഡ് മുഴുവൻ ഇപ്പോൾ നിലനിൽക്കുന്നത് ക്വാറിവേസ്റ്റിന്റെ ബലത്തിലാണ്.
ഇന്നലേയും ലോഡുകണക്കിന് ക്വാറിവേസ്റ്റ് കുഴികളിൽ തള്ളിയിട്ടുണ്ട്. ഈ റോഡിന്റെ ടാറിംഗിനു രണ്ടരക്കോടിരൂപ അനുവദിച്ചിട്ടുണ്ട്. മഴ മാറിയാൽ ടാറിംഗ് നടക്കും.
എന്നാൽ പത്തുകിലോമീറ്റർറോഡ് നല്ലരീതിയിൽ റീടാറിംഗ് നടത്താൻ ഇപ്പോൾ അനുവദിച്ചതിന്റെ രണ്ടിരട്ടിയെങ്കിലും വേണമെന്നാണു ചൂണ്ടിക്കാട്ടുന്നത്.