അക്ഷയയ്ക്കു നിയമപരിരക്ഷ ഉറപ്പാക്കണം: ജില്ലാ സമ്മേളനം
1450920
Friday, September 6, 2024 12:06 AM IST
പാലക്കാട്: അക്ഷയയ്ക്കു നിയമപരിരക്ഷ ലഭിക്കുന്നതിനായി അക്ഷയ ആക്ട് കൊണ്ടുവരണമെന്ന് ഫോറം ഓഫ് അക്ഷയ എന്റർപ്രണേഴ്സ് (ഫേസ്) ജില്ലാ വാർഷികസമ്മേളനം ആവശ്യപ്പെട്ടു. ഫേസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്ഷയ കെയർ ചെയർമാൻ ജഫേർസൺ മാത്യു പങ്കെടുത്തു. പൊതുജനത്തിനു സർക്കാർ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനുള്ള അംഗീകൃത സേവനദാതാക്കൾ അക്ഷയ മാത്രമാണെന്ന ഉത്തരവ് നിലനിൽക്കെ യഥാർഥ അക്ഷയ ഏതെന്നും വ്യാജ സെന്ററുകൾ ഏതെന്നും ഉദ്യോഗസ്ഥർക്കുപോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്.
ജില്ലാ പ്രസിഡന്റ് പ്രദീപ് മംഗലത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ഷമീർ വണ്ടാഴി, ട്രഷറർ മൊയ്തു ഓങ്ങല്ലൂർ, പ്രവർത്തക സമിതി അംഗങ്ങളായ അബ്ബാസ് വടവന്നൂർ, ശ്രീധരൻ അമ്പലപ്പാറ, സിനി കിഴക്കഞ്ചേരി, ടി.പി. അർച്ചന എന്നിവർ പ്രസംഗിച്ചു.
ഇലക്ഷൻ വെബ്കാസ്റ്റിംഗ് വിജയകരമായി പൂർത്തിയാക്കാൻ ഫേസിനൊപ്പംനിന്ന സംരംഭകരെ സമ്മേളനം ആദരിച്ചു. അക്ഷയ കുടുംബത്തിലെ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. തുടർന്നു സംരംഭകർക്കായി വിവിധ സേവനങ്ങളുടെ പരിശീലനം നടന്നു.