അത്തിപ്പറ്റ രാമചന്ദ്രൻ (മണിസാർ) അന്തരിച്ചു
1450859
Thursday, September 5, 2024 11:04 PM IST
അഗളി: അട്ടപ്പാടിയിലെ ആദ്യകാല ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അത്തിപ്പറ്റ രാമചന്ദ്രൻ (മണിസാർ-90) അന്തരിച്ചു. മൃതസംസ്കാരം കോയമ്പത്തൂർ കൗണ്ടർപാളയം വൈദ്യുതിശ്മശാനത്തിൽ നടത്തി. മണ്ണാർക്കാട് അപ്പുള്ളി വീട്ടിൽ രാജലക്ഷ്മിയാണ് ഭാര്യ. മക്കൾ രാജശ്രീ (ദുബായ്), രാജേഷ് (കോയമ്പത്തൂർ), രൂപേഷ് (കോയമ്പത്തൂർ). മരുമക്കൾ: ചന്ദ്രബാബു (ദുബായ്), ശോഭന (ഉടുമൽപേട്ട കോളജ് ലക്ചറർ), പ്രിയ (സ്കൂൾ അധ്യാപിക, കോയമ്പത്തൂർ).
1958-59 കാലഘട്ടത്തിൽ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായാണ് അട്ടപ്പാടിയിൽ എത്തുന്നത്.
1961- 62 കാലഘട്ടത്തിൽ അട്ടപ്പാടി മാമണയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശം നേരിൽകണ്ട ഉദ്യോഗസ്ഥനായിരുന്നു. വഴിയും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കാൽനടയായി എത്തിയാണ് ദുരന്തമേഖലയിൽ പ്രവർത്തനങ്ങൾ നടത്തിയത്. പട്ടികവർഗവിഭാഗക്കാർ സ്നേഹാദരവോടെ മണി സാർ എന്നാണ് വിളിച്ചിരുന്നത്. ദീർഘകാലത്തെ സർക്കാർ സേവനത്തിനൊടുവിൽ ഡെപ്യൂട്ടി കളക്ടറായി വിരമിച്ചു.
ഭൂത്താളി, ക്ലേശജീവികൾ, ബി സെവൻ എന്ന പെൺകുട്ടി, ആൽക്കഹോളും അരിപ്രാവുകളും, ഡാഡിസ് നോമോർ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.