ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഫീസിനെച്ചൊല്ലി പ്രശ്നങ്ങൾ പതിവാകുന്നു
1450663
Thursday, September 5, 2024 1:56 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗിന്റെ ഫീസിനെ ചൊല്ലി പ്രശ്നങ്ങൾ പതിവാകുന്നു. തോന്നിയപോലെയാണ് ഇവിടെ പാർക്കിംഗ് ഫീസ് ഈടാക്കുന്നതെന്നാണ് പരാതി. 24 മണിക്കൂർ കാർ നിർത്തിയിടുന്നതിന് 100 രൂപയാണ് ചാർജ്. 24 മണിക്കൂറിന് ശേഷം അഞ്ചുമിനിറ്റ് വൈകിയാൽ 100 രൂപ കൂടി നൽകണമെന്നാണ് വ്യവസ്ഥ.
ഇത് കരാറുകാരുടെ തൊഴിലാളികളുമായി യാത്രക്കാർ നിരന്തരം തർക്കത്തിനിടയാക്കുകയാണ്. ഒരുമണിക്കൂറിന് 20 രൂപയാണ് കാറുകൾ നിർത്തുന്നതിന് നൽകേണ്ടത്. 24 മണിക്കൂർ കഴിഞ്ഞെത്തുന്ന യാത്രക്കാരിൽനിന്ന് വീണ്ടും ഒരുദിവസത്തെ ചാർജ് ഈടാക്കുകയാണ്. ഇതാണ് തർക്കത്തിനിടയാക്കുന്നത്. 100 രൂപയ്ക്ക് പുറമേ അധികസമയത്തിന് 20 രൂപകൂടി നൽകാൻ യാത്രക്കാർ തയ്യാറാണെങ്കിലും ഇതിനും പാർക്കിംഗിലെ തൊഴിലാളികൾ സമ്മതിക്കാറില്ലെന്നാണ് പരാതി.
കഴിഞ്ഞദിവസം രാത്രി സ്റ്റേഷനിൽ യാത്രകഴിഞ്ഞെത്തിയ സ്ത്രീകളുൾപ്പെടെയുള്ള കുടുംബത്തെ പാർക്കിംഗിലെ തൊഴിലാളികൾ തടഞ്ഞിട്ടു. ട്രെയിൻ വൈകിയതിനെത്തുടർന്നാണ് പാർക്കിംഗിൽനിന്നും വണ്ടിയെടുക്കാൻ വൈകിയതെന്ന് പറഞ്ഞെങ്കിലും ഇതും ഇവർ സമ്മതിച്ചില്ല. 12 മിനിറ്റ് വൈകിയതിന് അമിതമായി ഒരുദിവസത്തെ ചാർജുകൂടി വേണമെന്നായിരുന്നു തൊഴിലാളികൾ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാതിരുന്നതോടെ യാത്രക്കാരനും പാർക്കിംഗിലെ പിരിവുകാരനുമായി വാഗ്വാദവും തർക്കവുമായി. പിന്നീട് കുടുംബമുള്ളതിനാൽ അമിതചാർജ് നൽകി വാഹനമെടുക്കേണ്ട അവസ്ഥയായെന്ന് യാത്രക്കാരൻ പറഞ്ഞു.
ഇത്തരത്തിൽ നിരന്തരം സംഭവിക്കുന്നുണ്ടെന്ന് പാർക്കിംഗിലെ തൊഴിലാളികളും പറയുന്നു. റെയിൽവേയുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകാതിരിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ പരാതികൾ കിട്ടുന്നപക്ഷം നടപടി സ്വീകരിക്കുമെന്നാണ് റെയിൽവേയുടെ നിലപാട്.