ഇക്കോളജിക്കൽ എൻജിനീയറിംഗിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലിയും പച്ചക്കറിയും
1450658
Thursday, September 5, 2024 1:56 AM IST
ആലത്തൂർ: സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ഇക്കോളജിക്കൽ എൻജിനീയറിംഗിൽ പൂത്തുലഞ്ഞ ചെണ്ടുമല്ലിയും പച്ചക്കറിയും വിളവെടുത്തു. ഓണക്കാലത്തേക്കു പൂവിപണിയും പച്ചക്കറി വിപണിയും സജീവമാക്കാൻ ആലത്തൂർ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ കൃഷിയിറക്കിയ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഉത്സവം ഫാം ജീവനക്കാരുടെ നേതൃത്വത്തിൽ നടന്നു.
ഫാമിലെ 50 സെന്റ് സ്ഥലത്താണ് ഇക്കോളജിക്കൽ എൻജിനീയറിംഗ് രീതികൾ പ്രകാരം പച്ചക്കറികളോടൊപ്പം ചെണ്ടുമല്ലി കൂടി കൃഷിയിറക്കിയത്. അത്യുത്പാദനശേഷിയുള്ളതും ചുവപ്പും മഞ്ഞ നിറത്തോടും കൂടിയ ആഫ്രിക്കൻ മാരിഗോൾഡ് വിഭാഗത്തിൽപ്പെട്ട ചെണ്ടുമല്ലിയാണ് കൃഷിയിറക്കിയത്.
ഇക്കോളജിക്കൽ എൻജിനീയറിംഗ് പ്രയോഗങ്ങൾ വഴി പുഷ്പവിളകൾ ആയ ചെണ്ടുമല്ലി കീടനിയന്ത്രണത്തിനു വളരെ അഭികാമ്യമാണ്. ചുരുങ്ങിയ സ്ഥലത്തു പുഷ്പങ്ങളോടൊപ്പം ഓണക്കാലത്തേക്കുള്ള വെണ്ട, പയർ, മുളക്, വഴുതിന, തക്കാളി, കൊത്തമര, ചീര, ഇഞ്ചി തുടങ്ങിയ വിളകൾ കൂടി കൃഷിയിറക്കിയിട്ടുണ്ട്. വിവിധ വിളകൾ ഇടകലർത്തി കൃഷിയിറക്കുന്ന ഇക്കോളജിക്കൽ കൃഷിരീതിയിൽ മിത്രപ്രാണികളെ വർധിപ്പിക്കുന്നതിനും മണ്ണിന്റെ ഫലഭൂയിഷ്ടി നിലനിർത്തുന്നതിനും സാധിക്കുന്നു.
ട്രൈക്കോഡെർമ ചേർത്ത ചാണകപ്പൊടി, വൃക്ഷായുർവേദ വിധി പ്രകാരം തയ്യാറാക്കിയ ഹരിത കഷായം, പഞ്ചഗവ്യം എന്നിവ ഉപയോഗിച്ചതിനാലും രാസകീടനാശിനികൾ തീരെ ഉപയോഗിക്കേണ്ടി വന്നില്ല എന്നതും നേട്ടമായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കീടരോഗബാധകളെ പ്രതിരോധിച്ചു മികച്ച വിളവ് ലഭിക്കാനും കൃഷിയിലെ ചിലവ് കുറയ്ക്കാനും ഇക്കോളജിക്കൽ എൻജിനീയറിംഗ് പ്രയോഗങ്ങൾ വഴി സാധിക്കും എന്നതിന്റെ നേർക്കാഴ്ചയാണ് സംസ്ഥാനവിത്തുത്പാദനകേന്ദ്രത്തിലെ പുഷ്പ-പച്ചക്കറി- കൃഷിത്തോട്ടം. 50 സെന്റിൽനിന്നും ഏകദേശം 200 കിലോഗ്രാം ചെണ്ടുമല്ലി പൂക്കളും 300 കിലോഗ്രാം പച്ചക്കറികളും ഓണക്കാലത്തേക്കു വിളവെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിളവെടുപ്പ് ഉത്സവത്തിൽ സീനിയർ കൃഷി ഓഫീസർ എം.വി. രശ്മി, കൃഷി അസിസ്റ്റന്റ് സിജോ, ഓഫീസ് ജീവനക്കാരായ മണി, വിനീഷ്, ഫാം ജീവനക്കാരായ എം. സതീഷ് കുമാർ, സി. ഹരിദാസൻ, എം. ഓമന, ഷീബ, സുഷമ, ഗീത, സാവിത്രി, പുഷ്പമണി, രാധ, ദൈവാനി എന്നിവർ പങ്കെടുത്തു.