പനയൂരിലേക്കു വരൂ, നൂറിലധികം ഇനങ്ങളുടെ മാന്തോപ്പു കാണാം...
1450443
Wednesday, September 4, 2024 6:35 AM IST
ഒറ്റപ്പാലം: വ്യത്യസ്തയിനം തൈകൾകൊണ്ടു മാന്തോപ്പൊരുക്കി യുവാവ്. വാണിയംകുളം പനയൂർ കിഴക്കേപുതുവാരിടംമന ഹരിപ്രസാദാണു സമൃദ്ധമായ ഈ തോട്ടത്തിന്റെ ഉടമ.
മനസിൽതോന്നിയ ആശയം പ്രാവർത്തികമാക്കിയപ്പോൾ മാന്തോപ്പുകണ്ടും മദിക്കാമെന്നാണ് ഈ യുവാവ് നൽകുന്ന ഉറപ്പ്.
ആകെയുള്ള 15 സെന്റ് ഭൂമിയിലാണു മാവുകളുടെ ഈ വലിയശേഖരം. പല വിഭാഗത്തിലായി 110 ഇനം വ്യത്യസ്ത മാവിൻതൈകളാണു കൃഷിയിടത്തിലുള്ളത്. ഇതിൽപകുതിയിലേറെയും കായ്ച്ച് ഫലംതരുന്നവയുമാണ്.
ഡ്രമ്മുകളിലും ചട്ടികളിലും പോളിത്തീൻ കവറുകളിലുമാണ് മാവുകൃഷി. മിയാസാക്കി, ലങ്കത, അമേരിക്കൻ റെഡ് പൾമർ, ജംബോ റെഡ്, ചോൻസ എന്നിങ്ങനെ മുപ്പതിലേറെ വിദേശയിനങ്ങളും ഇവിടെയുണ്ട്.
ചുവന്ന ചേലൻ, പഞ്ചാരക്കുടവൻ, ചന്ദ്രക്കാരൻ, കാലാപ്പാടി, കേസർ, കല്ലുകട്ടി എന്നിങ്ങനെ 56 ഇനം സ്വദേശികളുമുണ്ട്. ഇതിനുപുറമേ എസ്കെപി കുഞ്ഞൂസ്, പുതുവാരിടം മാംഗോ എന്നിങ്ങനെ നാട്ടിലറിയപ്പെടാത്ത മാവുകളും കൃഷിചെയ്യുന്നുണ്ട്.
നാട്ടിൻപുറങ്ങളിലെ പെരുമയായ മൂവാണ്ടൻ, നീലൻ, പാലക്കാടൻ കോട്ടമാങ്ങയടക്കം 25 ഇനങ്ങളും കൃഷിയിടത്തിലുണ്ട്. ഉത്പാദനശേഷികൂടിയ രത്ന, എച്ച് 151, എച്ച് 47, നീലി ഷാൻ, മേലുദ്ദീൻ എന്നിവയും തോട്ടത്തിലെ വ്യത്യസ്തതയ്ക്കു മാറ്റുകൂട്ടുന്നു.
എട്ടുവർഷമായി ഹരിപ്രസാദ് മാവുകളുടെ കൃഷിചെയ്തുവരുന്നു. അറിയപ്പെടാതെ കിടക്കുന്ന മാവിനങ്ങൾ കണ്ടെത്തി ബഡ് ചെയ്തു പുതിയ തൈകളുടെ ഉത്പാദനവുമുണ്ട്. ഡ്രാഗൺ ഫ്രൂട്ട്, ശർക്കരപ്പഴം, മൂന്നുകിലോവരെ തൂക്കംവരുന്ന മേമി സപ്പോട്ടയുമെല്ലാം കൃഷിയിടത്തിലുണ്ട്. വിവിധയിനം ചാമ്പയ്ക്കകളും അർക്ക കിരൺ, തായ് പിങ്ക്, ജപ്പാൻപേര, അലഹബാദ് സഫേദ് എന്നിങ്ങനെ പന്ത്രണ്ടിനും പേരക്കകളും കായ്ച്ചുനിൽക്കുന്നത് കൺകുളിർക്കെ കാണാനും അവസരം ഒരുക്കിയിട്ടുണ്ട്.
മനിശ്ശീരി ആറംകുളം അക്ലേശ്വര ക്ഷേത്ര മേൽശാന്തിയാണ് ഹരിപ്രസാദ് നമ്പൂതിരി. ഭാര്യ ജ്യോതി കൃഷ്ണയും മകൾ ശ്രീദേവിയും കൃഷിക്കു പ്രോത്സാഹനം. ഇനിയും പുതിയ മാവിൻതൈകൾ കണ്ടെത്തി കൃഷിയിടം സന്പുഷ്ടമാക്കാനാണു ഇദ്ദേഹത്തിന്റെ തീരുമാനം.
മംഗലം ശങ്കരൻകുട്ടി