വാഹനങ്ങളുടെ പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷമാക്കണം
1444948
Thursday, August 15, 2024 1:17 AM IST
ചിറ്റൂർ: മോട്ടോർ വാഹനങ്ങളുടെ പൊലൂഷൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷമാക്കി ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തം. നിലവിൽ ഇത്തരം സർട്ടിഫിക്കറ്റിന് ആറുമാസമാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയപരിധിയിൽ പുതുക്കാൻ കഴിയാത്ത വാഹനങ്ങൾ പിടികൂടിയാൽ ആദ്യതവണ 2000 രൂപ പിഴയും ആവർത്തിച്ചാൽ 10,000 രൂപയായും കേന്ദ്ര മോട്ടോർവാഹന കാര്യാലയവകുപ്പ് പിഴ കുത്തനെ ഉയർത്തിയിരിക്കുകയാണ്.
15 വർഷമോ അതിൽ കൂടുതലോ വർഷം പിന്നിടുന്ന വാഹനങ്ങൾക്ക് പൊലൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ എൻജിൻ ഓയിൽ മറ്റും ഫിൽറ്റർ മാറ്റുന്നതിനും സർവീസ്ചാർജ് ഉൾപ്പെടെ 2500 മുതൽ വാഹനത്തിന്റെ വലുപ്പം അനുസരിച്ച് 5000 രൂപവരെ ചെലവുവരുന്നുണ്ട്. ഇത്തരം നിരക്ക് വർധന വാഹന ഉടമകൾക്ക് ഏറെ സാമ്പത്തികനഷ്ടത്തിനു കാരണമാകുന്നുണ്ട്.
എന്നാൽ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ പൊലൂഷൻ വിഷയത്തിൽ ഉദാരമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. വാഹനങ്ങളുടെ പൊലൂഷൻവ്യവസ്ഥ കൂടുതൽ കർശനമാക്കിയതോടെ ടാക്സും ഗ്രീൻ ടാക്സും ഇൻഷ്വറൻസും അടച്ച വാഹനങ്ങൾപോലും പുറത്തെടുക്കാൻ ഉടമകൾക്ക് കഴിയാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ നിബന്ധനകളിൽ ഇളവുവരുത്തണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ആർടിഒ അധികൃതർക്കു നിവേദനം നൽകാൻ വാഹന ഉടമകൾ ഒപ്പുശേഖരണം തുടങ്ങി.