റെയിൽപാളങ്ങൾക്കരികിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കും
1444680
Wednesday, August 14, 2024 1:10 AM IST
ഒറ്റപ്പാലം: ഷൊർണൂരിനും ഒറ്റപ്പാലത്തിനും മധ്യേ മാന്നന്നൂരിൽ റെയിൽപാളത്തിന് സമീപം മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കാൻ തീരുമാനം. അതേസമയം മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങൾ അപകടാവസ്ഥയിലല്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇതുകൊണ്ടുതന്നെ പ്രദേശത്തെ ട്രെയിനുകളുടെ വേഗനിയന്ത്രണം ഭാഗികമായി പുനഃസ്ഥാപിച്ചു. മാന്നനൂരിൽ രണ്ടിടങ്ങളിലെ മണ്ണിടിച്ചിലിനെത്തുടർന്ന് 20 കിലോമീറ്റർ വേഗത്തിലായിരുന്നു
ട്രെയിനുകൾ കടന്നുപോയിരുന്നത്. ഇത് മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാക്കി. മണ്ണിടിഞ്ഞ പ്രദേശത്ത് സുരക്ഷാപ്രശ്നമില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് വേഗപരിധി ഉയർത്തിയതെന്ന് അധികൃതർ പറഞ്ഞു. നേരത്തേ ഇവിടെ 110 കിലോമീറ്ററായിരുന്നു വേഗം. ജൂലായ് 29 ന് രാത്രിയിലാണ് മാന്നനൂർ റെയിൽവേസ്റ്റേഷനും ഷൊർണൂരിനും ഇടയിലെ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായത്. ഇരുവശത്തും പാടങ്ങളാണ്. ഈ പാടങ്ങളിലേക്കാണ് മണ്ണിടിഞ്ഞത്. പാളത്തിന് ഒരടി അകലെവരെ മണ്ണിടിഞ്ഞുപോയിരുന്നു.
ഇനിയും മണ്ണിടിയുമോയെന്ന ആശങ്ക കൊണ്ടാണ് സുരക്ഷ മുൻനിർത്തി വേഗം 20 കിലോമീറ്ററിലേക്ക് ചുരുക്കിയത്. നിലവിൽ ഇവിടങ്ങളിൽ മണൽച്ചാക്കുകൾ അടുക്കിവെച്ച് സുരക്ഷയൊരുക്കിയിട്ടുണ്ട്. പാടത്തുനിന്ന് പാളംനിൽക്കുന്ന പത്തടി ഉയരത്തിലാണ് മണൽച്ചാക്ക് നിറച്ചിട്ടുള്ളത്.
മഴ കുറയുകയും മണൽച്ചാക്കുകൾ നിറച്ച് താത്കാലിക സുരക്ഷയൊരുക്കുകയും ചെയ്തതിനാൽ വേഗനിയന്ത്രണം ഭാഗികമായി പിൻവലിക്കാൻ സാധ്യമായി. മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കാനുള്ള നടപടിയും റെയിൽവേ തുടങ്ങിയിട്ടുണ്ട്. അപ്ലൈനിനോടുചേർന്ന ഭാഗത്ത് മണ്ണിടിഞ്ഞിടത്താണ് സംരക്ഷണഭിത്തി നിർമിക്കുക.